കൊച്ചി: എളംകുളത്തെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ഇരുപാതകളിലും സ്പീഡ് ബാരിയറുകൾ സ്ഥാപിച്ചു. ട്രാഫിക് വെസ്റ്റ് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയാണ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ ഇവ സ്ഥാപിക്കാനാണ് തീരുമാനം. വാഹനത്തിരക്കുള്ളതിനാൽ രാവിലെ ആറിന് ശേഷം ബാരിയറുകൾ ഗാതാഗത തടസമാകുമെന്ന വിലയിരുത്തലിനെ തുട‌ർന്നാണിത്.

അതേസമയം എളംകുളത്തെ അപകടവളവിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ നാറ്റ്പാക് ജൂനിയർ സയന്റിസ്റ്റ് എബിൻ സാം സ്ഥലം സന്ദർശിച്ചു. പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റി, കൊച്ചി കോർപ്പറേഷൻ, കെ.എം.ആർ.എൽ. ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കെ.എം.ആർ.എൽ, കോർപ്പറേഷൻ അധികൃതരിൽ നിന്ന് റോഡിന്റെ സ്‌കെച്ചും മറ്റും രേഖകളും ശേഖരിച്ചു.

ഒരാഴ്ചക്കകം റിപ്പോർട്ട്
അപകടമേഖലയെക്കുറിച്ചുള്ള വിശദമായ പഠനറിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ നാറ്റ്പാക് കൈമാറും. അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളടക്കം റിപ്പോ‌ർട്ടിലുണ്ടാകും.റോഡിന്റെ ഘടന സംബന്ധിച്ച് ഏതു തരത്തിലുള്ള മാറ്റം വരുത്തണമെന്നതിൽ വിദഗ്ദ്ധപഠനം ആവശ്യമായതിനാൽ പൊലീസ്, നാറ്റ്പാക്കിന്റെ സഹായം തേടിയിരുന്നു. അമിതവേഗവും ഇടുങ്ങിയ വളവുമാണ് അപടങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. റോഡിന്റെ വളവ് കുറയ്ക്കുന്നതിനായി സൈഡിൽ വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥർ നാറ്റ്പാക് പ്രതിനിധിയെ ധരിപ്പിച്ചിട്ടുണ്ട്.

വരും കാമറകൾ

എളംകുളത്ത് സ്പീഡ് ഡിറ്റക്ഷൻ കാമറകൾ വയ്ക്കുന്നതിനായി നാല് പോയിന്റുകൾ കണ്ടെത്തി. ഇവിടെ കാമറ സ്ഥാപിച്ച് നിരീക്ഷിക്കും. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പിഴയീടാക്കും. ഇതോടൊപ്പം വേഗത്തിൽ സ്പീഡ് ബ്ലിങ്കറുകൾ സ്ഥാപിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്. എളംങ്കുളം പാതയോരത്തെ വൈദ്യുതപോസ്റ്റുകൾ നീക്കാനുള്ള നടപടി കെ.എസ്.ഇ.ബി ആരംഭിച്ചു. അപകട പരമ്പരയെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് വ്യാപാരികളും നാട്ടുകാരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

.ഏഴ് മാസം, മരണം ഒമ്പത്

.വളവും സ്പീഡും വില്ലൻ

. ബൈക്കുകളുടെ മരണവളവ്

ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിലാണ് എളംകുളത്ത് ബാരിയറുകൾ സ്ഥാപിച്ചത്. നാറ്റ്പാകും ഇക്കാര്യം നി‌ർദേശിച്ചിരുന്നു. ട്രാഫിക്ക് പൊലീസിന് മുന്നിൽവന്ന പരാതികളും മറ്റും നാറ്റ്പാക് പ്രതിനിധിയെ ധരിപ്പിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും.

ടി.ബി. വിജയൻ,

അസി.കമ്മിഷണ‌ർ,

ട്രാഫിക് വെസ്റ്റ്.