ആലുവ: കൊവിഡിനെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ആലുവ ശിവരാത്രി മണപ്പുറത്തെ കഴിഞ്ഞ വർഷത്തെ അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പുകാരന് 4.72 ലക്ഷം രൂപ തിരിച്ചുനൽകാൻ നഗരസഭയ്ക്ക് സർക്കാൻ അനുമതി നൽകി. കോഴിക്കോട് ന്യൂ ഗോൾഡൻ അമ്യൂസ്‌മെന്റ് പാർക്ക് ഉടമ കെ. ജയചന്ദ്രനാണ് നഷ്ടപരിഹാരത്തിന് ഹർജി നൽകിയത്.

2020ലെ ശിവരാത്രി വ്യാപാരമേളയോടയനുബന്ധിച്ച് ഒരു മാസത്തേക്ക് 16 ലക്ഷം രൂപ നഗരസഭയിൽ മുൻകൂറായി അടച്ചാണ് അമ്യൂസ്‌മെന്റ് പാർക്ക് നടത്തുന്നതിന് ജയചന്ദ്രൻ കരാറെടുത്തത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും കൊവിഡ് വ്യാപനത്തെത്തുടർന്ന് വ്യാപാരമേള നഗരസഭ ഇടപെട്ട് നിർത്തിച്ചു. ഇതേതുടർന്ന് ജയചന്ദ്രൻ നൽകിയ ഹർജിയെ തുടർന്ന് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി നഗരസഭക്ക് നിർദേശം നൽകി. തുടർന്നാണ് സർക്കാർ അനുമതിയോടെ നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. അടുത്ത ശിവരാത്രി പടിവാതിൽക്കലെത്തി നിൽക്കെയാണ് സർക്കാരിന്റെ ഉത്തരവ് നഗരസഭയ്ക്ക് ലഭിച്ചത്.