കളമശേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഓൺലൈൻ പരിപാടിയിൽ താരമായി മലയാളിയായ കമാൻഡർ പ്രസന്ന ഇടയില്ലം. ബ്രിട്ടീഷ് പാർലമെന്റിൽ ഇന്നലെ പ്രസംഗിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ 15 പ്രമുഖ സ്ത്രീകളിൽ ഒരാൾ മലയാളികൾക്കഭിമാനമായ പ്രസന്നയായിരുന്നു.
ഇന്ത്യയിൽ നിന്ന് എ.ആർ.റഹനാ, എം.വനിത , മധുമിത, മായാരാഘവൻ, കൃതികാ രാധാകൃഷ്ണൻ, ശെൽവകുമാരി നടരാജൻ,പി.സുശീല തുടങ്ങിയവരാണ് പങ്കെടുത്തത്.
നാവിക സേനയിൽ സ്ത്രീകൾക്ക് പെൻഷനും മറ്റാനുകൂല്ല്യങ്ങളും ലഭ്യമാക്കാൻ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയത് പ്രസന്നയുടെ നേതൃത്വത്തിലായിരുന്നു. 1500 ഓളം പുരുഷന്മാർ മാത്രമുള്ള ആർക്കോണം നേവൽ ബേസിലേക്ക് ആദ്യമായെത്തിയ വനിതാ ഓഫീസറായിരുന്നു ഇവർ. അതോടെ ആദ്യ ഓപ്പറേഷൻസ് മീറ്റിംഗിന്റെ തുടക്കം ലേഡീസ് ആൻഡ് ജെന്റിൽമെൻ എന്നായി. ഫാക്ട് സ്കൂൾ, സെന്റ് പോൾസ് കോളേജ്, മഹാരാജാസ് , സെന്റ് തെരേസാസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എൻ.സി.സി യിലും, ടേബിൾ ടെന്നീസിലും സജീവമായിരുന്നു. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് സ്വദേശിയും ഫാക്ടിലെ ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞിരാമന്റെയും സത്യവതിയുടെയും മകളാണ് പ്രസന്ന. ഭർത്താവ് ബാലചന്ദ്രൻ മാണിക്കത്ത് ഇന്റർനാഷണൽ ടെന്നീസ് കോച്ചാണ്. മകൾ ഭാവന കേന്ദ്രീയ വിദ്യാലയത്തിലെെ വിദ്യാർത്ഥിനിയാണ്.