
പെരുമ്പാവൂർ: പെരിയാറിന്റെ ഇടതുകരയോട് ചേർന്നു കിടക്കുന്ന കാർഷിക- ചെറുകിട വ്യവസായ മേഖലയും തടി വ്യവസായത്തിന്റെ ഈറ്റില്ലവുമായ നാടാണ് പെരുമ്പാവൂർ. വലത് ചായ്‌വ് പ്രകടമാക്കുന്ന മണ്ഡലമാണെങ്കിൽ കൂടി ഇടതുപക്ഷത്തിനോട് ചേർന്നു നിൽക്കുന്ന സ്വഭാവമാണ്. വോട്ടർമാരായ തദ്ദേശീയരോടൊപ്പം അന്യസംസ്ഥാന തൊഴിലാളികൾക്കും വോട്ടവകാശമുള്ള മണ്ഡലമാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ 15 വർഷങ്ങൾക്ക് മുമ്പ് എത്തിയിട്ടുള്ളവർക്കാണ് വോട്ടവകാശമുള്ളത്.
വിവിധ മുന്നണികളുടെ സ്ഥാനാർത്ഥി ചർച്ചകൾ അന്തിമഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. യാക്കോബായ, ഈഴവ, മുസ്ലിം വോട്ടുകൾ ഗതിനിർണ്ണയിക്കുന്ന മണ്ഡലം രാഷ്ട്രീയചായ്വുകൾക്കുമപ്പുറം വ്യക്തിപ്രഭാവത്തിൽ വിജയം സമ്മാനിക്കുന്ന ഒന്നാണ്.
പെരുമ്പാവൂർ നഗരസഭയും അശമന്നൂർ, വേങ്ങൂർ, മുടക്കുഴ, രായമംഗലം, കൂവപ്പടി, ഒക്കൽ, വെങ്ങോല പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 1957 മുതൽ 2016 വരെ നടന്ന 15 തിരഞ്ഞെടുപ്പുകളിൽ എട്ടു പ്രാവശ്യം എൽ.ഡി.എഫും ഏഴുതവണ യു.ഡി.എഫും ജയിച്ചു. 2016 ൽ കോൺഗ്രസിലെ എൽദോസ് കുന്നപ്പിള്ളിയാണ് ഇടത് മുന്നണിയെ മുട്ടുകുത്തിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കമെങ്കിൽ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നു.
നേരത്തേ തുടങ്ങി യു.ഡി.എഫ്
യു.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തന്നെ ഇക്കുറി രംഗത്തിറങ്ങും. വർഷങ്ങൾക്ക് ശേഷം സി.പി.എമ്മിലെ സാജുപോൾ എം.എൽ.എയെ മുട്ടുകുത്തിച്ചതും യാക്കോബായ വിഭാഗക്കാരനായതും വികസനപ്രവർത്തനങ്ങളും എൽദോസിന് തുണയാണ്. പെരുമ്പാവൂരിന്റെ സ്വപ്നപദ്ധതിയായ ടൗൺ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതുൾപ്പെടെയുളള കാര്യങ്ങൾക്ക് വിജയത്തുടർച്ച അനിവാര്യമാണെന്നാണ് എൽദോസ് കുന്നപ്പിളളി പറയുന്നത്.
ട്വന്റി- 20 ഭയപ്പാട്
കിഴക്കമ്പലത്തെ ട്വന്റി 20 പെരുമ്പാവൂരിലും സ്ഥാനാർത്ഥിയെ നിറുത്തുമോയെന്ന ആശങ്കയിലാണ് മുന്നണികൾ. ഇവരുടെ സ്ഥാനാർത്ഥി രംഗത്തിറങ്ങിയാൽ മണ്ഡലത്തിലെ ഫലം പ്രവചനാതീതമാകുമെന്നത് ഉറപ്പാണെന്നാണ് രാഷ്ട്രീയരംഗത്തുള്ളവരുടെ അഭിപ്രായം. ട്വന്റി- 20 മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും.
സ്ഥാനാർത്ഥിനിർണയം കീറാമുട്ടി
ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മുന്നേറുന്ന എൽ.ഡി.എഫ് ഇക്കുറി പെരുമ്പാവൂരിൽ മന്ദഗതിയിലാണ്. മുൻ എം.എൽ.എ സാജുപോൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. എൻ.സി. മോഹനൻ എന്നിവരുടെ പേരുകളാണ് സജീവം. യാക്കോബായ വിഭാഗം, മുൻ പരിചയം എന്നിവ കണക്കിലെടുത്ത് സാജു പോളിനായി ഒരു വിഭാഗം വാദിക്കുമ്പോൾ അഡ്വ. എൻ.സി. മോഹനനായി ഭൂരിഭാഗം പേരും രംഗത്തുണ്ട്. പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ വിജയമാക്കുക, സാമുദായിക സാംസ്കാരിക സംഘടനകളുമായുള്ള സൗഹൃദം, നഗരസഭയുടെ മുൻ ചെയർമാൻ എന്നീ ഘടകങ്ങളാണ് എൻ.സി. മോഹനന്റെ പ്ളസ് പോയിന്റുകൾ.
മണ്ഡലം കേരള കോൺഗ്രസ് എമ്മിന്
പെരുമ്പാവൂരിൽ സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. മണ്ഡലം കേരള കോൺഗ്രസ് എമ്മിന് കൈമാറാനാണ് ഉഭയകക്ഷി ചർച്ചയിൽ ഏകദേശ ധാരണയായിട്ടുള്ളത്. ജില്ലയിൽ ഒരു സീറ്റാണ് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടത്. പെരുമ്പാവൂർ, പിറവം ഇതിലൊന്നായിരുന്നു കണ്ണ്. മലബാറിൽ മാണി ഗ്രൂപ്പിന് സീറ്റ് ലഭിച്ചാൽ പെരുമ്പാവൂരിൽ സി.പി.എം തന്നെ മത്സരിക്കും. കേരള കോൺഗ്രസിന് ലഭിച്ചാൽ ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് മത്സരിച്ചേക്കും.
പാർട്ടി ഹൈപവർ കമ്മിറ്റിഅംഗമായ ബാബു ജോസഫിന്റെ പേര് ഇതിനോടകം ജില്ലാ നേതൃത്വം സ്റ്റിയറിംഗ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പ് ചെയർമാൻ, ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിങ്ങനെ നാല് പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമാണ് ബാബു ജോസഫ്.