കിഴക്കമ്പലം: വഴി നന്നായതോടെ ടോറസുകളുടെ പരാക്രമം തുടങ്ങി. കഴിഞ്ഞ ദിവസം കടയിരുപ്പ് - കരിമുഗൾ റോഡിൽ ഫയർഫോഴ്സ് വാഹനത്തിനും, ബസിനുമാണ് ടോറസുകൾ വഴി അപകടമുണ്ടായത്. രണ്ടിടത്തും അമിതവേഗതയാണ് കാരണം. ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ ലോറികൾ മരണപ്പാച്ചിലിലാണ്. പവർ സ്റ്റിയറിംഗും, എ.സി കാബിനും, സൗണ്ട് സിസ്റ്റവുമടക്കം ഘടിപ്പിച്ചാണ് ടോറസുകൾ സർവീസ് നടത്തുന്നത്. ഡ്രൈവർ ഇരിക്കുന്നത് വലിയ ഉയരത്തിലാണെന്നതിനാൽ ചെറിയ അപകടങ്ങളിലൊന്നും ഇവർക്ക് ഒന്നും സംഭവിക്കില്ല. ഈ ധൈര്യമാണ് റോഡിലെ അലക്ഷ്യ യാത്രയ്ക്ക് പിന്നിലുള്ളത്. നിരോധിത സമയത്തും റോഡിൽ ടിപ്പറും, ടോറസുമുണ്ട്. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾക്ക് സർവീസിന് വിലക്കുണ്ട്. എന്നാൽ അതൊന്നും മരണപ്പാച്ചിലുകൾക്ക് ഒരു കുറവും വരുത്തുന്നില്ല.ഓരോ അപകടങ്ങൾ കഴിയുമ്പോഴും നാട്ടുകാർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തമെന്നതിനാൽ രണ്ടു ദിവസം മര്യാദരാമന്മാരാവുന്ന ലോറികൾ തൊട്ടടുത്ത ദിവസം വീണ്ടും പഴയപടിയാകും. പൊലീസും, മോട്ടോർ വാഹനവകുപ്പും അമിത വേഗതയ്ക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കിലും അവർ റോഡിൽ നിന്നു മാറിയാൽ പരമാവധി വേഗതയിലാണ് പിന്നീടുള്ള യാത്ര
അപകഠങ്ങൾ പതിവ്
കഴിഞ്ഞ ദിവസം കടയിരുപ്പിൽ നടന്ന ബസപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു. ഉച്ച സമയമായതിനാൽ ബസിൽ യാത്രക്കാർ കുറഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിലെ വാഹനം ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ പോകും വഴിയാണ് കാണിനാട്ടിൽ വച്ചാണ് അപകടത്തിൽ പെട്ടത്. അടുത്തനാളിൽ റോഡ് ടാറിംഗ് പൂർത്തിയാക്കിയതിനുശേഷം എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേയ്ക്കുള്ള മുഴുവൻ ലോറികളും ഇതു വഴിയാണ് പോകുന്നത്. അളവിൽ കവിഞ്ഞ ഭാരവും, അമിത വേഗതയും, ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.
ഇരു ചക്രവാഹന യാത്രക്കാർക്കാണ് ഏറെ ദുരിതം പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ മുന്നിൽ പോകുന്ന ലോറികൾ പിന്നിലുള്ളവയ്ക്ക് കടന്നു പോകുന്നതിന് തടസമുണ്ടാക്കുന്നതാണ് പ്രധാന പ്രശ്നം. അതു വക വെയ്ക്കാതെ മുന്നോട്ട് കുതിക്കാൻ ബൈക്കുകൾ ശ്രമിക്കുന്നത് അപകടങ്ങളിലാണ് കലാശിക്കുന്നത്.