കോലഞ്ചേരി: കുടിവെള്ള ക്ഷാമം രൂക്ഷമായത് മുതലാക്കി കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി. കുടിവെള്ളമായി പാറക്കുളങ്ങളിലെ വെള്ളവും എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് തിരക്കിൽ പരിശോധന കുറഞ്ഞത് മുതലാക്കിയാണ് കച്ചവടം പൊടി പൊടിക്കുന്നത്. സർക്കാർ കുടിവെള്ള പദ്ധതികളുടെ പ്രയോജനം കിട്ടാതായതോടെ സാധാരണക്കാർ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ ഇവർ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനങ്ങളില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയുണ്ട്. മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യ രോഗ ഭീതിയും നിലനില്ക്കുന്നു. ഏത് തരം വെള്ളം കിട്ടിയാലും ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാറക്കുളത്തിൽ നിന്നും സംഭരിക്കുന്ന ജലം വിതരണം ചെയ്യുന്നവർ ഏറെയാണ്. മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നിടങ്ങളിൽ നിന്നും കുടി വെള്ളമെത്തുന്നതായി നാട്ടുകാർ പറയുന്നു. അയ്യായിരം ലീ​റ്ററിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് ഈടാക്കുന്നത്. മോട്ടർ ഉപയോഗിക്കുമ്പോൾ തുക വീണ്ടും കൂടും.ഇന്ധന വില വർദ്ധന വെള്ളത്തിന്റെ വിലയെയും സ്വാധീനിക്കുന്ന അവസ്ഥയാണ്. എന്നാൽ കിണറുകളിൽ നിന്നും സംഭരിക്കുന്ന ശുദ്ധമായ ജലം ചുരുക്കം ചിലർ മാത്രമാണ് എത്തിക്കുന്നത്.

വെള്ളത്തിലും തട്ടിപ്പ്

പാറക്കുളത്തിലെ വെള്ളം കിണറുകളിൽ നിന്നും സംഭരിക്കുന്നതെന്നു കാണിച്ചുള്ള തട്ടിപ്പുമുണ്ട്.

അധികൃതരുടെ നിസംഗത ദൂരവ്യാപക ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. തിരുവാണിയൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിൽ നിന്ന് വ്യാപകമായി ജലമൂറ്റ് നടക്കുന്നുണ്ട്. വർഷങ്ങളായി നിലച്ചു പോയ പാറമടകളിലെ വെള്ളം ശേഖരിച്ചാണ് വില്പന.

ശുദ്ധീകരണ പ്രക്രിയകൾ നടത്തുന്നില്ല
സർക്കാർ കുടിവെള്ള പദ്ധതികളിൽ ട്രീറ്റ്‌മെന്റ് പ്ലാന്റില്ലെങ്കിലും ക്ലോറിനേഷൻ നടത്തുക പതിവായിരുന്നു. സ്വകാര്യ ജല വിതരണക്കാർ ഇത്തരം ശുദ്ധീകരണ പ്രക്രിയകൾ ഒന്നും തന്നെ നടത്താറില്ല. ആരോഗ്യ വകുപ്പ് അധികൃതരാകട്ടെ നാളിതുവരെ കുടിവെള്ള സ്രോതസുകളെക്കുറിച്ച് അന്വേഷിക്കുകയോ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിക്കുകയോ ചെയ്തിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കാനോ, ക്ലോറിനേഷൻ നടത്താനോ രംഗത്തിറങ്ങിയിട്ടില്ല.