കൊച്ചി: കൊവിഡ് കാലഘട്ടത്തിൽ തൊഴിൽ മേഖലയിലും ആരോഗ്യമേഖലയിലും അനുഭവപ്പെടുന്ന അനിശ്ചിതത്വത്തെ മറികടക്കാൻ യോഗ പോലുള്ള പരിശീലനങ്ങൾ സഹായകമാകുമെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡുമായി സഹകരിച്ച് സമുന്നതി സ്വയം തൊഴിൽ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഒരു മാസത്തെ സൗജന്യ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് പരിപാടിയുടെ സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കെടുത്ത 30 പേരിൽ 17 പേർക്കും തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നുള്ളത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തൊഴിലവസരം ലഭിച്ചിട്ടില്ലാത്ത 13 പേർക്ക് വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സ്വയം തൊഴിൽ വായ്പ സഹൃദയയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. നബാർഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന ആദ്യ യോഗ അദ്ധ്യാപക പരിശീലന പരിപാടിയാണിത്. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. പി. സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഫാ. പീറ്റർ തിരുതനത്തിൽ , സി.എസ്.ബി. ബാങ്ക് സോണൽ മാനേജർ ജോബിൻസ് ചിറക്കൽ, നബാർഡ് ജില്ലാ ഡവലപ്മെന്റ് മാനേജർ അശോക് കുമാർ നായർ, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, ഡോ. ജോണി കണ്ണംപിള്ളി , പ്രോഗ്രാം ഓഫീസർ കെ.ഒ.മാത്യുസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ലാൽ കുരിശിങ്കൽ എന്നിവർ സംസാരിച്ചു.