blood-

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെത്താൻ ഭൂരിഭാഗം പേരും മടിക്കുന്നതിനാൽ ബ്ലഡ് ബാങ്കിലടക്കം എല്ലാ ഗ്രൂപ്പിലുമുള്ള രക്തത്തിന് വേണ്ടി രോഗികൾ നെട്ടോട്ടത്തിൽ. മുമ്പ് ആവശ്യക്കാരുടെ അടുത്തേക്ക് നിമിഷങ്ങൾക്കകം ദാതാക്കൾ ഓടിയെത്തുമായിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡിനെ ഭയന്ന് ആശുപത്രികളിലെത്താൻ ആളുകൾ മടിക്കുന്നു. സ്ഥിരമായി രക്തം നൽകിയിരുന്നവർ വരെ ഇപ്പോൾ രക്തം നൽകാൻ മടിക്കുന്ന അവസ്ഥയാണ്.

ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവരാണ് പ്രധാനമായും ബുദ്ധിമുട്ടിലായത്. മുൻപ് കോളേജ് വിദ്യാർത്ഥികളും എൻ.എസ്.എസ്, എൻ.സി.സി പോലുള്ള സംഘടനകളും രക്തം നൽകാൻ സന്നദ്ധരായിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ പ്രവർത്തനങ്ങളൊന്നും സജീവമല്ലാത്തതിനാൽ ആ വഴിയും അടഞ്ഞു. രക്തദാന ക്യാമ്പുകൾ സജീവമല്ലാത്തതും തിരിച്ചടിയാവുകയാണ്. മുമ്പ് നെഗറ്റീവ് ഗ്രൂപ്പുകൾക്കായിരുന്നു ക്ഷാമമെങ്കിൽ, ഇപ്പോൾ എല്ലാ ഗ്രൂപ്പിനും നെട്ടോട്ടമാണ്. ഏറെ കഷ്ടപ്പെട്ടാണ് ദാതാക്കളെ അടിയന്തര ഘട്ടങ്ങളിൽ കണ്ടെത്തുന്നത്.

 ബോധവത്കരണം

കൊവിഡ് ബാധിക്കുമോ എന്ന ഭയത്താലാണ് മിക്കവരും ആശുപത്രികളിലെത്തി രക്തം നൽകാൻ മടിക്കുന്നത്. എന്നാൽ സുരക്ഷിതമായി ആശുപത്രികളിലെത്തി രക്തം നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകും. അതോടൊപ്പം രക്തദാനത്തിൻ്റെ പ്രാധാന്യവും ആവശ്യകതയെ കുറിച്ചും വ്യക്തമായ ബോധവത്കരണവും നൽകണം.

.............

" അപകടഘട്ടങ്ങളിലാണല്ലോ രക്തത്തിന് വേണ്ടി ഓടുന്നത്. മുമ്പ് സമൂഹമാദ്ധ്യമങ്ങൾ വഴി ദാതാക്കളെ കണ്ടെത്താനാകുമായിരുന്നു. ഇപ്പോൾ ഭയം മൂലം ആരും വരുന്നില്ല. ഇത് വലിയൊരു പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. "

ജെറിൻ തോമസ്

ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി