കൊച്ചി:എറണാകുളത്തെ ഹോക്കിയെ തകർത്ത് കെ.എം.ആർ.എൽ. സ്റ്റേഷന്റെ നിർമ്മാണങ്ങൾക്കായി മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് ഏറ്റെടുക്കുകയും പിന്നീട് കൈയൊഴിഞ്ഞതുമാണ് ഹോക്കിയുടെ വളർച്ച മുരടിക്കാൻ കാരണം. യൂണിവേഴ്സിറ്റി, സംസ്ഥാന തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ വാരിക്കൂട്ടിയ മഹാരാജാസ് കോളേജ് ടീമും ജില്ലാ ടീമും ഏറെ പിന്നിലാണിപ്പോൾ.പരിശീലനത്തിനായി ഗ്രൗണ്ടില്ലാത്തതാണ് തിരിച്ചടിയായത്. അതേസമയം മുൻ ഹോക്കി താരങ്ങളെ വിലക്കാത്ത ഇടം കൂടിയായിരുന്നു മഹാരാജാസ് ഗ്രൗണ്ട്. ഗ്രൗണ്ട് മോശമായതോടെ ഇവരും ബുദ്ധിമുട്ടിലായി.
മെട്രോ കൈവിട്ടു
2013ലാണ് ഹോക്കി ഗ്രൗണ്ട് കെ.എം.ആർ.എൽ ഏറ്റെടുത്തത്. തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടായിരുന്നു വാഗ്ദാനം.നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ചെളിയും മറ്റും നിക്ഷേപിച്ചത് വിദ്യാർത്ഥി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതോടെ ഗ്രൗണ്ട് പാർക്കിംഗിനായി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അധികൃതരും വിദ്യാർത്ഥികളും എതിർത്തു. ഇതിനു ശേഷമാണ് ഗ്രൗണ്ട് നവീകരണത്തിൽ നിന്ന് കെ.എൽ.ആർ.എൽ പിന്നാക്കം പോതെന്ന് കായിക താരങ്ങൾ ആരോപിക്കുന്നു. ഇക്കാര്യം കെ.എം.ആർ.എല്ലുമായി സംസാരിച്ചെങ്കിലും ഫണ്ടില്ലെന്നാണ് അറിയിച്ചതെന്നും ഇവർ പറഞ്ഞു.
45 ലക്ഷം അനുവദിച്ചു
മഹാരാജാസ് ഹോക്കി ഗ്രൗണ്ട് നവീകരണത്തിനായി സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. എന്നാൽ അത്യാധുനിക ഗ്രൗണ്ടിനായി ഏകദേശം 1.30 കോടി വേണം. നിലവിൽ ഹാർഡ് കോർട്ടാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ടർഫ് ഗ്രൗണ്ടിന് 3 കോടിയെങ്കിലും മുടക്കണം. കേവലം 45 ലക്ഷം രൂപയിൽ ഗ്രൗണ്ട് നവീകരിക്കാൻ കഴിയില്ല. മെട്രോ കൂടി കനിഞ്ഞാലേ മികച്ച മൈതാനവും കളിക്കാരെയും വാർത്തെടുക്കാൻ ആകുകയുള്ളൂ എന്നാണ് ഹോക്കി താരങ്ങൾ പറയുന്നു.
ഒരാൾ പോലുമില്ല
എറണാകുളം മഹാരാജാസ് കോളേജിൽ ഇക്കുറി ഹോക്കിയിൽ ഒരാൾ പോലും പ്രവേശനം നേടിയിട്ടില്ല. ഗ്രൗണ്ട് ഭാവി ഇല്ലാതാകുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് മുൻ ഹോക്കി താരങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. വിദ്യാർത്ഥികളെല്ലാം സമീപ ജില്ലകളിലെ കോളേജുകളിലേക്കാണ് ചേക്കേറിയത്. രണ്ട് വർഷം മുമ്പ് വരെ നല്ലൊരു ടീം മഹാരാജാസിനുണ്ടായിരുന്നു. ഇപ്പോൾ അതുമില്ല.
ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഹോക്കി താരങ്ങൾ കുറഞ്ഞു. മോശം ഗ്രൗണ്ടിൽ കളിച്ച് പലരും പരിക്കിന്റെ പിടിയിലായി. എത്രയും വേഗം നവീകരണം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
ഇ.എം ഷാജി
വൈസ്. പ്രസിഡന്റ്
ഹോക്കി ഫെഡറേഷൻ
എറണാകുളം
മഹാരാജാസ് കോജേളിനായി മികച്ച ഹോക്കി ഗ്രൗണ്ട് നിർമ്മിക്കും. ഇത് സംബന്ധിച്ച് അടുത്ത ഗവേണിംഗ് കൗൺസിലിൽ ചർച്ച ചെയ്യും. ഇതിന് മുന്നോടിയായി നിലവിലെ സാഹചര്യം പഠിക്കുകയും കായിക വിഭാഗം മേധാവിയുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ഡോ.എൻ. രമാകാന്തൻ
ചെയർമാൻ
ഗവേണിംഗ് കൗൺസിൽ
മഹാരാജാസ് കോളേജ്
വിഷയം പരിശോധിച്ചിട്ട് തുടർ നടപടികൾ സ്വീകരിക്കാം
അൽകേഷ് കുമാർ ശർമ്മ
എം.ഡി
കെ.എം.ആർ.എൽ
സർക്കാർ 45 ലക്ഷം രൂപ അനുവദിച്ചു.
അത്യാധുനിക ഗ്രൗണ്ടിനായി ഏകദേശം 1.30 കോടി വേണം.