പറവൂർ: ദേശീയപാതയ്ക്ക് സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ചെറിയപ്പിള്ളി കലുങ്കു മുതൽ വഴിക്കുളങ്ങര വരെയുള്ള റോഡരികിലാണ് വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി മാലിന്യം തള്ളുന്നത്. മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയത്തോടെ രൂക്ഷമായ ദുർഗന്ധവും തെരുവ് നായ ശല്യവും വർദ്ധിക്കുകയാണ്. പ്രധാന റോഡ് കൈയേറിയുള്ള വഴിയോര കച്ചവടത്തിന് പുറമെയാണ് ഇപ്പോൾ ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യനിക്ഷേപം. പഞ്ചായത്ത് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇതിന് കാരണമെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.