
കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ വെളിപ്പെടുത്തിയ കസ്റ്റംസ് ഇന്നലെ, ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാൻ വിളിച്ചത് സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. 10ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി.
സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച ആറ് ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1.13 ലക്ഷം രൂപയുടെ ഈ ഫോണാണ് ഏറ്റവും വിലയേറിയത്. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പ്രകാരം നടത്തിയ പരിശോധനയിൽ ഇതിൽ ആദ്യം ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം ആണെന്ന് കണ്ടെത്തി. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ സ്വിച്ച് ഓഫായി. ഒരിടവേളയ്ക്ക് ശേഷം മറ്റു സിമ്മുകളും ഇതിൽ ഉപയോഗിച്ചെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. ഈ ഫോണിൽ വിനോദിനി ചെന്നൈയിലെ വിസ സ്റ്റാമ്പിംഗ് സ്ഥാപനത്തിന്റെ മേധാവിയെ വിളിച്ചെന്നും കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇതും ആരായും.
വിനോദിനി വിശദീകരിക്കേണ്ടത്
• ഐ ഫോൺ ലഭിച്ചതെങ്ങനെ
• സ്വീകരിക്കാനുള്ള കാരണം
• സംശയാസ്‌പദമായ വിളികൾ
• ഫോൺ മറ്റാരെങ്കിലുമാണോ ഉപയോഗിച്ചത്.
• പിന്നീട് ഫോൺ ആർക്ക് കൈമാറി
• ഇവരുമായുള്ള ബന്ധം
കമ്മിഷനായി ഫോൺ
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടാനുള്ള കമ്മിഷനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകിയതാണ് ആറ് ഐ ഫോണുകൾ. യു.എ.ഇ.കോൺസുലേറ്റ് ജനറൽ അൽ സാബിക്കാണ് സ്വപ്ന ഫോണുകൾ കൈമാറിയത്. ഇതിലൊന്ന് എങ്ങനെ കോടിയേരിയുടെ ഭാര്യയുടെ പക്കൽ എത്തിയെന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മറ്റ് അഞ്ച് ഫോണുകളുടെ വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്കലാണെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത് വിവാദമായി. പിന്നീട് ഈ വാദം ഈപ്പൻ പിൻവലിച്ചു. വിലകൂടിയ ഫോൺ രമേശ് ചെന്നിത്തലയുടെ കൈയിലാണെന്ന് സി.പി.എമ്മും ആരോപിച്ചിരുന്നു. അതിപ്പോൾ തിരിഞ്ഞു കൊത്തുകയാണ്.
അഭിഭാഷകയ്ക്കും നോട്ടീസ്
ഡോളർ കടത്ത് കേസിൽ തിരുവനന്തപുരം സ്വദേശി അഡ്വ. ദിവ്യയോട് മാർച്ച് എട്ടിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വർണക്കടത്ത് കേസിലും ഇവരുടെ ഇടപെടൽ പരിശോധിക്കുന്നുണ്ട്. പാസ്‌പോർട്ടും ബാങ്ക് രേഖകളും ഹാജരാക്കണം. സ്വർണക്കടത്ത് പ്രതികൾ അഭിഭാഷകയുമായി ബന്ധപ്പെട്ടു എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
കസ്റ്റംസ് - സി.പി.എം പരസ്യപ്പോര്
ഡോളർ കടത്ത് കേസിൽ സി.പി.എം - കസ്റ്റംസ് പരസ്യപോരിലേക്ക്. ഇന്നലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് മാർച്ച് തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ രംഗത്തെത്തി.
ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. അത് വിലപ്പോകില്ല എന്നായിരുന്നു സുമിത് കുമാറിന്റെ കുറിപ്പ്. എൽ.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് മാർച്ചിന്റെ പോസ്റ്ററുകളും പത്രകട്ടിംഗുകളും പങ്കുവച്ചായിരുന്നു പോസ്റ്ര്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കമ്മിഷണർ സുമിത് കുമാർ ഇന്നലെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് അഭിമുഖവും നൽകി. മാസങ്ങൾക്കുള്ളിൽ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ്, ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് നേരെ മൂന്ന് ആക്രമണങ്ങളുണ്ടായി. ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ സ്ത്രീഇപ്പോൾ പറയുന്നതിനു പിന്നിൽ കോൺ- ബി.ജെ.പി കൂട്ടുകെട്ട്: മുഖ്യമന്ത്രി
മാസങ്ങളോളം കേന്ദ്ര അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന സ്ത്രീ അന്ന് പറയാത്ത കാര്യങ്ങൾ ഇപ്പോൾ പറയുന്നതിന് പിന്നിൽ കേന്ദ്ര സർക്കാരും കേരളത്തിലെ കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ടുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന സമയത്ത് ഇത്തരമൊരു പരാമർശം അവർ നടത്തിയിട്ടില്ല. പ്രതികളുടെ ആദ്യ സ്റ്റേറ്റ്മെന്റാണ് അവരുടെ മനസ് തുറന്ന് പുറത്ത് വരുന്നത്. 19 മാസം കഴിഞ്ഞ് എടുക്കുന്ന മൊഴി വിചിത്രമായേ കാണാനാകൂ.
അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയമില്ലെങ്കിലും അന്വേഷണ സംഘത്തിലുള്ളവർക്ക് രാഷ്ട്രീയമുണ്ടാകാം. അതുണ്ടായിട്ടുണ്ട്. പ്രതിയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതെങ്ങനെയെന്ന് ആർക്കും മനസിലാകും.
ഒരു കേന്ദ്രമന്ത്രി അന്വേഷണ ഏജൻസികളെ ദുർബലപ്പെടുത്തുന്ന വാദഗതികൾ മുന്നോട്ട് വയ്ക്കുന്നു. സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് പറയാൻ ഒരു കേന്ദ്രമന്ത്രിക്ക് എങ്ങനെ കഴിയുന്നു. ആരെ സഹായിക്കാനാണ്? എവിടുന്നാണ് സ്വർണം വന്നത്?. ആരാണ് കൊണ്ടുവന്നത്?. ആരിലൊക്കെ എത്തി? ഇതൊക്കെ അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായോ? അന്വേഷണ ഏജൻസികളെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് അനുവദിക്കുന്നില്ല. ചരട് വലിക്കനുസരിച്ച് നീങ്ങുന്ന പാവകളിയായി അന്വേഷണ ഏജൻസികൾ മാറി. അതാണ് ഇപ്പോൾ കാണുന്ന പൊറാട്ട് നാടകം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ ഇല്ലാതാക്കാനും പ്രതിച്ഛായ തകർക്കാനുമുള്ള കുരുട്ടുബുദ്ധിയായി കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് മാറിയിരിക്കുന്നു. ഞങ്ങളെ ഈ നാട് കുറ്റപ്പെടുത്തില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്ന് പിണറായി പറഞ്ഞു.