കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾവഴി ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. കേന്ദ്രഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽ.ഡി.എഫ് കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയമുണ്ട്. ജയിലിൽ കിടക്കുന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്.
എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരജായപ്പെടുത്താനാവില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേച്ഛമായ ഈ നീക്കം. കേരളത്തിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്താതിരിക്കാനുള്ള ബി.ജെ.പിയുടെ വേലയാണിത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി വിധിയെഴുതുമെന്നും സി.എൻ മോഹനൻ പറഞ്ഞു.
ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം മേനക ചുറ്റി, ബ്രോഡ് വേയിലുടെ കസ്റ്റംസ് ഓഫീസിനുമുമ്പിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ശർമ്മ എം.എൽ.എ, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.സി .സൻജിത്ത്, എൻ.സി.പി. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി കുമ്പളം രവി, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽ ജോസ് എന്നിവർ സംസാരിച്ചു. എം സ്വരാജ് എം.എൽ.എ, കെ.ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി.കെ മണിശങ്കർ, ജോൺ ഫെർണാണ്ടസ് എം.എൽ.എ, എൻ.സി മോഹനൻ, കെ.ജെ ജേക്കബ് എന്നിവർ പങ്കെടുത്തു.