palarivattom

കൊച്ചി: അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കിയ പാലാരിവട്ടം ഫ്ളൈ ഓവർ ഇന്ന് (ഞായറാഴ്ച) ജനങ്ങൾക്ക് തുറന്നു കൊടുക്കും. രണ്ടര വർഷമായി ഗതാഗതം നിലച്ച പാലത്തിലൂടെ വൈകിട്ട് മുതൽ വാഹനങ്ങൾ വീണ്ടും ഓടി തുടങ്ങും. പുനർനിർമാണം മേയ് മാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുമാസം മുമ്പേ പൂർത്തിയാക്കിയാണ് നാടിന് കൈമാറുന്നത്.ടാറിംഗ് പൂർത്തിയായ ഫ്ളൈ ഓവറിൽ വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്ച പൂർത്തിയായി. ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് വ്യാഴാഴ്ച ഡി.എം.ആർ.സി.യിൽ നിന്ന് പൊതുമരാമത്ത് വകുപ്പിന് ലഭിച്ചു.


തുറക്കുന്നത് വൈകിട്ട് നാല് മണിക്ക്

മന്ത്രി ജി .സുധാകരനും ഉദ്യോഗസ്ഥരും ഇന്ന് പാലാരിവട്ടത്ത് സന്ദർശനം നടത്തും. നൂറു വർഷത്തെ ഈട് ഉറപ്പ് നൽകി പുനർനിർമാണം നടത്തിയ ഫ്ളൈഓവർ വൈകിട്ട് നാലിന് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ ഗതാഗതത്തിനു തുറന്നു കൊടുക്കും. ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരിക്കില്ല.

പൊളിച്ചു പണിയുടെ നാളുകൾ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 39 കോടി രൂപയ്ക്കാണ് പാലാരിവട്ടം ഫ്ളൈ ഓവർ നിർമാണത്തിന് കരാർ നൽകിയത്. ആർ.ഡി.എസ് പ്രോജക്ടായിരുന്നു കരാറുകാർ. 2014 സെപ്തംബറിൽ പണി തുടങ്ങി. 2016 ഒക്‌ടോബർ ഒന്നിന് ഉദ്ഘാടനം ചെയ്തു. 2017 ജൂലായിൽ ഫ്ളൈ ഓവർ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. തുടർന്ന് നടന്ന വിവിധ പരിശോധനകൾക്ക് ഒടുവിൽ ഗുരുതര ബലക്ഷയം എന്ന് മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് ലഭിച്ചു. ഇതോടെ 2019 മേയ് ഒന്നിന് പാലം അടച്ചു. സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഒപ്പം പൊളിച്ചുപണിയാൻ തീരുമാനിച്ചു. എന്നാൽ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എൻജിനീയർമാരുടെ സംഘടന നിയമനടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർമാണം വൈകി. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുവദിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാർ ഡി.എം.ആർ.സിയെ നിർമ്മാണ ചുമതല എൽപ്പിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാർ.
യു.ഡി.എഫ് കാലത്തെ നിർമ്മാണത്തിൽ അഴിമതി നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞതോടെ മുൻ മന്ത്രി വി .കെ .ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവർ അറസ്റ്റിലായി. നിയമനടപടികൾ തുടരുന്നതിനിടെയാണ് ഫ്ളൈ ഓവർ വീണ്ടും നാടിന് സമർപ്പിക്കുന്നത്.