കാലടി: വായ്പാതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആരോപണവിധേയയായ സി.ഡി.എസ് ചെയർപേഴ്സനും 12-ാം വാർഡിലെ മധുരിമ കുടുംബശ്രീയുടെ സെക്രട്ടറിയുമായ സജിനി സന്തോഷിനെ മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്നും സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തി. കുടുബശ്രി അയൽക്കൂട്ടത്തിന് പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും അഞ്ച് ലക്ഷം രൂപ വീണ്ടും വായ്പ നൽകാൻ തിരക്കുകൂടുന്ന അക്കൗണ്ട്സ് ഓഫീസർക്കെതിരെ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടിലെന്നും പരാതിക്കാർ ആരോപിക്കുന്നു. ജില്ലാ മിഷനിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളിലും തിരിമറി നടന്നതായി പറയുന്നു .ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷണം നടത്താൻ തയ്യാറായില്ലെങ്കിൽ സമരം ഇനിയും ശക്തമാക്കാനാണ് കുടുംബശ്രീയുടെ തീരുമാനം . വൈസ് ചെയർപേഴ്സൺ ജനത പ്രദീപ് അദ്ധ്യക്ഷയായി. പ്രതിഷേധ ധർണ ജനാധിപത്യ മഹിളാ അസോസിയേഷൻ കാലടി ഏരിയാ സെക്രട്ടറി എൻ.സി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കെ.കെ.വത്സൻ, വിജി , ആനി കെ.എൻ.ചന്ദ്രൻ ,സി.എസ്.ബോസ്, പി.ജെ.ബിജു, വനജ, സിന്ധു എന്നിവർ സംസാരിച്ചു.