കൊച്ചി: മേയറുടെ വാക്ക് പാഴ്‌വാക്കായെന്ന് കരാറുകാർ. കൊച്ചി കോർപ്പറേഷനിലെ കരാറുകാർക്കുള്ള കുടിശികയിൽ പത്തു കോടി രൂപ ഉടൻ നൽകുമെന്നും നികുതിയിനത്തിൽ വരുമാനം വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ പണം അനുവദിക്കുമെന്നും . മേയർ അഡ്വ. എം.അനിൽകുമാർ കഴിഞ്ഞ 23 ന് ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടിയായി അറിയിച്ചിരുന്നു. എന്നാൽ പത്തു കോടി രൂപ സർക്കാർ അനുവദിച്ചിട്ടും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തുക നിഷേധിക്കുന്നുവെന്നാണ് കരാറുകാരുടെ പരാതി . മൂന്നു വർഷത്തെ കുടിശികയായി നൂറു കോടി രൂപയാണ് കോർപ്പറേഷനിലെ ജോലികൾ ചെയ്യുന്ന കരാറുകാർക്ക് ലഭിക്കാനുള്ളത്. നിർമ്മാണ വസ്തുക്കൾ നൽകുന്നവർക്കും തൊഴിലാളികൾക്കും പണം നൽകാൻ നിവൃത്തിയില്ലാത്തതിനാൽ പുതിയ പണികൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു.

 അഴിമതിക്ക് വഴിയൊരുക്കുന്നു

ഗുരുതര സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി പണികൾ ചെയ്തു കഴിയുമ്പോൾ മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട് സംഘടിപ്പിച്ചു നൽകിയില്ലെങ്കിൽ മുടക്കിയ പണം പാഴാകുന്ന അവസ്ഥയാണ്. ചില കൗൺസിലർമാർ ഇതൊരു പണം ഉണ്ടാക്കാനുള്ള മാർഗമായി കണ്ട് കരാറുകാരെ ബുദ്ധിമുട്ടിക്കുകയാണ്. ബില്ലുകൾ തടഞ്ഞുവച്ചാൽ കോടതിയെ സമീപിക്കാനാണ് അസോസിയേഷൻ തീരുമാനം

ഡേവിഡ്

കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി