mohandas-and-manjusha

പെരുമ്പാവൂർ: രണ്ടര വർഷം മുമ്പ് അപകടത്തിലൂടെ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ ജീവൻ കവർന്ന അതേ സ്കൂട്ടർ മറ്റൊരപകടത്തിലൂടെ മഞ്ജുഷയുടെ പിതാവ് മോഹൻദാസിന്റെയും (67) മരണത്തിനിടയാക്കി.

മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ച് ഇന്നലെ രാവിലെ പത്ത് മണിയോടെ ബൊലേറോ പിക്ക്അപ്പ് ഇടിക്കുകയായിരുന്നു. ഉടൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. മത്സ്യഫെഡ് വി​ല്പന കേന്ദ്രത്തി​ൽ നി​ന്ന് മീൻ വാങ്ങി​ മടങ്ങുകയായി​രുന്നു. തി​രുവനന്തപുരം സ്വദേശി​യാണ് മോഹൻദാസ്.അപകടശേഷം നിർത്താതെപോയ പിക്ക്അപ്പ് പിന്നീട് പിടികൂടി.

2018 ജൂലായ് 28നാണ് മഞ്ജുഷ സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. താന്നിപ്പുഴയിൽ സ്‌കൂട്ടറിൽ മിനിലോറിയിടിക്കുകയായിരുന്നു. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണവിദ്യാർത്ഥിയും ഗായികയുമായിരുന്ന മഞ്ജുഷ റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രീതി നേടിയത്.

ആനന്ദവല്ലി​യാണ് മോഹൻദാസി​ന്റെ ഭാര്യ. മകൻ മി​ഥുൻ മോഹൻ കാനഡയി​ലാണ്.