
കൊച്ചി: ജില്ലയിൽ വീണ്ടും ഷിഗല്ല ആശങ്ക. കാലടി പഞ്ചായത്തിലെ ഒരു വീട്ടിലെ നാലും ആറും വയസ് പ്രായമുള്ള കുട്ടികൾ രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ ഇരുകുട്ടികളും ഇന്നലെ ഷിഗല്ല രോഗമുക്തരായി. ആരോഗ്യനില തൃപ്തികരമാണ്. കൊവിഡ് ബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല കൂടി സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. കുട്ടികളടക്കം ഈ വീട്ടിലെ നാല് പേർക്കാണ് കൊവിഡിനെ തുർന്ന് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. കണറ്റിലെ വെള്ളത്തിൽ നിന്നാണ് കുട്ടികൾക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.ഇതേതുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പുംപഞ്ചായത്തും സംയുക്തമായി പ്രതിരോധ ആരംഭിച്ചു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങൾ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ജില്ലയിൽ ആദ്യ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തത്.
രോഗ ലക്ഷണങ്ങൾ
1.വയറിളക്കം
2. പനി
3. വയറവേദന
4. ചർദ്ദി
5.ക്ഷീണം
6 രക്തവും കഫവും കലർന്ന മലം
രോഗം പകരുന്ന വിധം
മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പടരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
പ്രതിരോധ മാർഗ്ഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക.
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക.
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക.