
കൊച്ചി: സിറ്റിംഗ് എം.എൽ.എ എം.സ്വരാജിനെ നേരിടാൻ മുൻ മന്ത്രി കെ.ബാബു തൃപ്പൂണിത്തുറയിലുണ്ടാകുമോ? പിന്നാക്ക വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന മദ്ധ്യകേരളത്തിലെ ഈ പ്രമുഖ കോൺഗ്രസ് നേതാവിന് സീറ്റ് നിഷേധിക്കാൻ നീക്കം നടക്കുന്നതായി കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു.
തൃപ്പൂണിത്തുറ നഗരസഭയിൽ 15 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായ പാർട്ടി, മണ്ഡലത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നല്ല മുന്നേറ്റമുണ്ടാക്കി.
2016ൽ ബി.ജെ.പി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരൻ നേടിയത് 29,843 വോട്ടുകളാണ്. എം.സ്വരാജിന് ലഭിച്ചത് 62,346 വോട്ടും കെ.ബാബു നേടിയത് 58,230 വോട്ടുമാണ്.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 25,000 വോട്ടുകളേ നേടാനായുള്ളു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥിതി മെച്ചപ്പെടുത്തി.
അടിപതറാതെ എം. സ്വരാജ്
മുൻ മന്ത്രിമാരായ ടി.കെ.രാമകൃഷ്ണൻ രണ്ട് തവണയും, വി.വിശ്വനാഥമേനോൻ ഒരു തവണയും എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച മണ്ഡലം എം. സ്വരാജ് പിടിച്ചെടുത്തപ്പോൾ നാലാം തവണയും ചുവന്നു.സിറ്റിംഗ് സീറ്റ് വീണ്ടും പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എം.സ്വരാജ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19,000 വോട്ടിന്റെ മേൽക്കൈ നേടിയെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ 6000 വോട്ടുകൾക്ക് എൽ.ഡി.എഫ് മുന്നിലെത്തി.
അങ്കത്തിനൊരുങ്ങി കെ.ബാബു
കാൽ നൂറ്റാണ്ട് തൃപ്പൂണിത്തുറക്കാരുടെ മനസ് കീഴടക്കിയ ബാബു കഴിഞ്ഞ വർഷം അടിതെറ്റിയ ശേഷവും മണ്ഡലത്തിൽ നിറഞ്ഞ് നിൽപ്പുണ്ട്.2016ൽ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തന്നെ ബാബുവിനെതിരെ പരസ്യ നിലപാടെടുത്തതും അഴിമതിക്കേസുകളും കാലുവാരലുമാണ് ബാബുവിനെ വീഴ്ത്തിയത്.
എക്കാലത്തും തന്റെ വിശ്വസ്തനായ ബാബുവിനെ കൈവിടാൻ ഉമ്മൻ ചാണ്ടിയും തയ്യാറാവില്ലെന്നാണ് സൂചന.
മെട്രോമാന് നിർണായകം
മെട്രോമാൻ ഡോ.ഇ.ശ്രീധരൻ സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും വിജയിക്കാൻ വേണ്ടി തന്നെയാകും തങ്ങളുടെ കളിയെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബി.ജെ.പിയുടെ ഏക എ ക്ളാസ് മണ്ഡലമാണ് തൃപ്പൂണിത്തുറ.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരന് 30,000 വോട്ട് പിടിക്കാൻ കഴിഞ്ഞെങ്കിൽ മെട്രോമാൻ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു.
ഒമ്പതിടത്ത് സി.പി.എം
കൊച്ചി: പെരുമ്പാവൂരും പിറവവും വിട്ടുനൽകി സി.പി.എം അന്തിമ സ്ഥാനാർത്ഥി പട്ടികയായി. ജില്ലയിൽ ഒമ്പത് ഇടത്ത് സി.പി.എം മത്സരിക്കും.മണ്ഡലം പിടിച്ചടക്കാൻ എറണാകുളത്തും തൃക്കാക്കരയിലും ഇടത് സ്വതന്ത്രരെയാണ് പോരിനിറങ്ങുന്നത്. പറവൂരിലും മൂവാറ്റുപുഴയിലും സി.പി.ഐ തന്നെ ഇത്തവണയും മത്സരിക്കും.
പറവൂരും പിറവവും വച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും പരമ്പരാഗത മണ്ഡലമായ പറവൂർ വിട്ടുകൊടുക്കേണ്ടെന്ന് നിലപാട് സി.പി.ഐ എത്തുകയായിരുന്നു. മൂവാറ്റുപുഴയിൽ എൽദോ എബ്രാഹാമിന് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പറവൂരിൽ നാല് പേരാണ് സി.പി.ഐയുടെ പരിഗണനയിലുള്ളത്. ജില്ലാ സെക്രട്ടറി പി.രാജു, അസി. സെക്രട്ടറി സുഗുതൻ എന്നിവർക്കാണ് മുൻഗണന.
ജെ.ഡി.എസിനാണ് അങ്കമാലി. പെരുമ്പാവൂരിൽ മുൻ ഭാഗ്യക്കുറി വകുപ്പ് ചെയർമാൻ ബാബു ജോസഫാണ് പരിഗണനയിലുള്ളത്. പിറവം സീറ്റിൽ ചർച്ച പുരോഗമിക്കുകയാണ്. ജെ.ഡി.എസും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
• തൃപ്പൂണിത്തുറ: എം.സ്വരാജ്
• കോതമംഗലം : ആന്റണി ജോൺ
• വൈപ്പിൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ
• കുന്നത്തുനാട് : പി.വി. ശ്രീനിജൻ
• എറണാകുളം : ഷാജി ജോർജ്
• തൃക്കാക്കര : കെ.ജേക്കബ്
• കൊച്ചി : കെ.ജെ മാക്സി
• ആലുവ : ഷെൽനാ നിഷാദ്
തിരഞ്ഞെടുപ്പിൽ അറിയാൻ
കോലഞ്ചേരി: തിരഞ്ഞെടുപ്പ് കാലത്ത് കൈയ്യിൽ കരുതാവുന്നത് പരമാവധി 50,000 രൂപ വരെ മാത്രം. മതിയായ രേഖകൾ ഇല്ലാതെ കൂടുതൽ തുക കണ്ടെത്തിയാൽ സ്റ്റാറ്റിക് സർവലൈൻസ് ടീമിന്റെ ഫ്ളൈയിംഗ് സ്ക്വാഡുകൾ പിടിച്ചെടുക്കും. തുക തിരിച്ചു കിട്ടാൻ കടമ്പകളേറെയാണ്.
നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങൾ എന്നിവയുമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകും.
പോസ്റ്റൽ വോട്ടിംഗ് അപേക്ഷകളുടെ വിതരണം തുടങ്ങി
80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ എന്നിവർക്കാണ് ഈ സൗകര്യം. ബൂത്ത് ലെവൽ ഓഫീസർമാർ അർഹരായ സമ്മതിദായകരുടെ വീടുകളിൽ നേരിട്ടെത്തിക്കും. 17നകം തിരിച്ചേൽപ്പിക്കണം. 14 നിയോജക മണ്ഡലങ്ങളിലായി 94,000ത്തിലധികം വോട്ടർമാരാണ് തപാൽ വോട്ടിന് അർഹതയുള്ളവർ. 80 വയസിന് മുകളിലുള്ളവർ ഫോറം മാത്രം പൂരിപ്പിച്ച് നൽകിയാൽ മതി. ഭിന്നശേഷിക്കാരും, കൊവിഡ് ബാധിതരും ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്ക്കൊപ്പം നൽകണം.
വീടു കയറാൻ 5 പേർ മാത്രം
• വീടിനുള്ളിൽ പ്രവേശിക്കാതെ 2 മീറ്റർ അകലം പാലിച്ച് വോട്ട് അഭ്യർത്ഥിക്കണം.
• എല്ലാ അംഗങ്ങളും മൂക്കും വായും മൂടും വിധം മാസ്ക് ധരിക്കണം.
• ലഘുലേഖകൾ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തണം.
• പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്രചാരണത്തിന് ഇറങ്ങരുത്.
• ആലിംഗനം, ഹസ്തദാനം, അനുഗ്രഹം വാങ്ങൽ, കുഞ്ഞുങ്ങളെ എടുക്കൽ എന്നിവ ഒഴിവാക്കണം.
• കൊവിഡ് രോഗികളും ക്വാറന്റൈൻകാരുമുള്ള വീടുകളിൽ ഫോൺ വഴി മാത്രം വോട്ടഭ്യർത്ഥിക്കണം.
9 വരെ പേരു ചേർക്കാം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 9 വരെ അവസരമുണ്ട്. www.nsvp.in വഴിയും വോട്ടർ ഹെൽപ്ലൈൻ എന്ന ആപ്ലിക്കേഷനുലൂടെയും പേര് ചേർക്കാം. പേരുണ്ടോയെന്ന് പരിശോധിക്കാം