
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിന് ഒരുങ്ങുന്ന ട്വന്റി20 പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 'പൈനാപ്പിൾ" ചിഹ്നം അനുവദിച്ചു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് 'മാങ്ങ" ചിഹ്നത്തിലാണ് ട്വന്റി20 സ്ഥാനാർത്ഥികൾ മത്സരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിലും 'മാങ്ങ" ചിഹ്നം വേണമെന്ന് ട്വന്റി20 ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട്ടിലെ പട്ടാളി മക്കൾ കച്ചി പാർട്ടിക്ക് അതു നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചുപോയി. ട്വന്റി20 മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ ചിഹ്നം 'പൈനാപ്പിൾ" ആയിരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.