ആലുവ: അന്താരാഷ്ട്ര വനിതാ ദിനമായ നാളെ റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കും. വനിതാ സബ് ഇൻസ്‌പെക്ടർമാരുള്ള സ്റ്റേഷനുകളിൽ അവർക്കായിരിക്കും സ്റ്റേഷൻ ചുമതല. സബ് ഇൻസ്‌പെക്ടർ ഇല്ലാത്തിടങ്ങളിൽ വനിതകളായ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ തുടങ്ങിയവർക്ക് ചുമതല നൽകും.

എസ്.എച്ച്.ഒ മാരുടെ മേൽനോട്ടത്തിൽ പൊതുജനങ്ങളെ കേട്ട് പരാതികളിൽ അന്വേഷണം നടത്തും. ഹൈവേ പട്രോൾ വാഹനങ്ങളിലും നാളെ വനിതകളുണ്ടാകും. റൂറൽ ജില്ലയിൽ എല്ലാ സ്റ്റേഷനുകളിലും പി.ആർ.ഒമാർ വനിതാ ഉദ്യോഗസ്ഥരാണ്. ജില്ലയിൽ കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം സി.സി.ടി.എൻ.എസ്, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് പുരസ്‌ക്കാരം നൽകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.