
കളമശേരി: നിയോജക മണ്ഡലത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ ഉൾപ്പോരും പടലപിണക്കങ്ങളും. രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തുകളും ചേർന്ന മണ്ഡലം 2010 ലാണ് രൂപം കൊണ്ടത്. 2011-ലെ ആദ്യ തിരഞ്ഞെടുപ്പിലും 2016 ലും ഇബ്രാഹിം കുഞ്ഞിനൊപ്പമായിരുന്നു ജയം. പക്ഷെ ഇത്തവണ പാലാരിവട്ടം പാലം അഴിമതി ഇബ്രാഹിം കുഞ്ഞിന് പാരയാണ്. കോടതിയിൽ അവശനും രോഗബാധിതനുമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും മറ്റ് പ്രവർത്തനങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടി കോടതി പൊളിച്ചടുക്കി.
ഇബ്രാഹിം കുഞ്ഞിന് സീറ്റ് കൊടുക്കരുതെന്ന് ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് കോൺഗ്രസ്. ലീഗിനെ സംബന്ധിച്ചിടത്തോളം പകരം നിർത്താൻ ജില്ലയിൽ മറ്റൊരു നേതാവില്ല. താനില്ലെങ്കിൽ മകനെ മത്സരിപ്പിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ കുഞ്ഞ് നടത്തിക്കഴിഞ്ഞു. കളമശേരി വീണ്ടെടുക്കാൻ കോൺഗ്രസ് ശക്തമായ നീക്കം നടത്തുന്നുണ്ട് അബ്ദുൾ മുത്തലിഫ് , ജമാൽ മണക്കാടൻ എന്നീ പേരുകളും ഉയർന്നുവരുന്നുണ്ട്. ഇടതു മുന്നണിയിൽ ചന്ദ്രൻ പിള്ള , എ.എം.യൂസഫ്, അഡ്വ.മുജീബ് റഹ്മാൻ , കെ.എൻ.ഗോപിനാഥ്, ഏ.ഡി.സുജിൽ എന്നീ പേരുകൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും അവസാന റൗണ്ടിൽ പി.രാജീവിനാണ് നറുക്ക്.
എൻ.ഡി.എയിൽ കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസിന്റെ ഗോപകുമാർ പാർട്ടി പിളർത്തി പുതിയ പാർട്ടിയുണ്ടാക്കി യു.ഡി.എഫിൽ ചേക്കേറിയത് ക്ഷീണമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചതിനാൽ പ്രവർത്തകർ ആവേശത്തിലാണ്. ഏലൂരിൽ രണ്ടു സീറ്റിൽ നിന്നും 6 സീറ്റായി ഉയർന്നതും കളമശേരിയിൽ അക്കൗണ്ട് തുറന്നതും ബ്ലോക്ക് പഞ്ചായത്തിലെ വിജയവും പ്രതീക്ഷകൾ ഉയർത്തി. പത്മജ.എസ്.മേനോൻ ,എൻ.പി.ശങ്കരൻ കുട്ടി എന്നീ പേരുകളാണ് ബി.ജെ.പി ലിസ്റ്റിൽ . ബി.ഡി.ജെ.എസിലെ എ.ബി. ജയപ്രകാശിന്റെ പേരും ഉയർന്നു വന്നിട്ടുണ്ട്.