തൃപ്പൂണിത്തുറ: ജീവിതസാഹചര്യങ്ങളോട് പൊരുതി തോറ്റുപോയി എന്ന് കരുതുന്നവർക്ക് മുന്നിൽ ജീവിതംതന്നെ മാതൃകയാക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ വനജ. തലച്ചോറിന് ബാധിച്ച കാൻസർ ചികിത്സയെ തുടർന്ന് രണ്ട് വർഷത്തോളം മാനസികമായി തകർന്നപ്പോൾ വനജ കൂട്ടുപിടിച്ചത് നിക്കി എന്ന റോട്ട് വീലർ നായയെയും ഹിമാലയൻ വംശജയായ എയ്ഞ്ചൽ എന്ന പൂച്ചയേയുമാണ്. ഇരുപത്തി ഒന്ന് വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ടു. 2017ൽ കാലിഫോർണിയയിൽ ഉപരിപഠനത്തിന് പോയ ഏക മകൻ വാഹനാപകടത്തിൽ നഷ്ടമായി. എന്നാൽ, വനജ തോൽക്കാൽ തയാറല്ലായിരുന്നു. പൂച്ചകളെയും നായക്കുട്ടികളെയും ഒപ്പംകൂട്ടി. സ്വന്തം മക്കളെപ്പോലെ പരിപാലിച്ചു. ഇപ്പോൾ വനജയ്ക്ക് സ്വന്തമെന്ന് പറയാൻ 48 പേർഷ്യൻ പൂച്ചകളും 15 റോട്ട് വീലർ നായകളും ഉണ്ട്. നന്ദാ പെറ്റ്സ് എന്നാണ് വനജയുടെ വീടിന്റെ പേര് പോലും. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിന് ബോധവൽക്കരണം നൽകുന്നതിനായി സ്വന്തമായി യൂടൂബ് ചാനലും ഈ വീട്ടമ്മയ്ക്കുണ്ട്. സുഹൃത്തും സഹായിയുമായ പാർവ്വതിയാണ് ക്യാമറ ചെയ്യുന്നത്. എഡിറ്റിംഗും ഡബ്ബിംഗും വനജ തന്നെ. ഇരിങ്ങാലക്കുടയ്ക്കടുത്ത് പുല്ലൂരിലാണ് വനജയും വനജയുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങലും താമസിക്കുന്നത്.