raji

കൊച്ചി: സ്ത്രീകൾ അധികം കൈവയ്ക്കാത്ത മത്സ്യകൃഷിമേഖലയിൽ വിജയംവരിച്ച് മാതൃക കാട്ടുകയാണ് രാജി ജോർജും സ്‌മിജ എം.ബിയും. കർഷകയായും സംരംഭകയായും സാമ്പത്തികനേട്ടം കൊയ്യുക മാത്രമല്ല, തങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് സ്ത്രീശാക്തീകരണത്തിന്റെ കരുത്തു പകരുകയുമാണ് ഇരുവരും.

മത്സ്യകൃഷി ഉൾപ്പെടെ സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയിൽ സ്വയംസംരംഭകരായി സാമ്പത്തികവിജയം നേടിയവരാണ് ഇരുവരും. ശാസ്ത്രീയ കൃഷിരീതികൾക്കൊപ്പം മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവും ഇരുവരെയും വ്യത്യസ്തരാക്കുന്നു.

 പാറമടയിലെ വിജയം

മീൻ-പച്ചക്കറി കൃഷികൾ, കോഴി- താറാവ്- കന്നുകാലി വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനിയായ രാജി ജോർജ് സംരംഭകയായത്. 60 അടി താഴ്ചയുള്ള പാറമടയിൽ മീൻവളർത്തൽ യൂണിറ്റായ 'അന്നാ അക്വാ ഫാം' സ്ഥാപിച്ചാണ് രാജിയുടെ തുടക്കം. തിലാപ്പിയ, വാള, കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ മീനുകൾ എട്ട് കൂടുകളിലായി ഫാമിൽ കൃഷി ചെയ്യുന്നു. വീടുകളിലെത്തിച്ചും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുമാണ് മീനുകൾ വിൽക്കുന്നത്. 'അന്നാ അഗ്രോ ഫാം' എന്ന പച്ചക്കറിത്തോട്ടത്തിൽ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, കോളിഫ്‌ളവർ, കാബേജ്, കപ്പ എന്നിവയാണ് പ്രധാന കൃഷി. മുന്നൂറുവീതം കോഴിയും കാടയുമുണ്ട്. താറാവ് പശു, ആട് എന്നിവയെയും വീട്ടുവളപ്പിൽ വളർത്തുന്നു.

 കൂടുമത്സ്യകൃഷിയുടെ പ്രചാരക

കൂടുമത്സ്യകൃഷിയിൽ വിജയം നേടുകയും കൂടുകൃഷിയുടെ പ്രചാരകയായി മാറുകയും ചെയ്താണ് എൻജിനീയറായ മൂത്തകുന്നം സ്വദേശിനി എം.ബി. സ്‌മിജ മികവ് കാട്ടിയത്. പെരിയാറിലാണ് കൂടുകൃഷി. പെരിയാർ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയംസഹായക സംഘത്തിന് നേതൃത്വം നൽകുന്നതും സ്‌മിജയാണ്. സ്ത്രീകളെ പങ്കെടുപ്പിച്ച് നിരവധി കൂട്ടായ്മകൾ രൂപീകരിച്ച് കൂടുമത്സ്യകൃഷി വിപുലമാക്കാൻ സ്‌മിജ നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന 60 കൂടുമത്സ്യകൃഷി യൂണിറ്റുകൾ സ്‌മിജയുടെ നേതൃത്വത്തിൽ നടക്കുന്നു. കൂടുകൃഷിയിൽ പരിശീലനം നൽകുന്നുണ്ട്.

 ഇന്ന് ആദരവ്

മത്സ്യകൃഷിയിലെ മികവിന് രാജി ജോർജിനെയും എം.ബി. സ്‌മിജയെയും അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് (തിങ്കൾ) കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സി.എം.എഫ്.ആർ.ഐ) ത്തിലെ വിമൻ സെൽ ഇരുവരെയും ആദരിക്കും. സി.എം.എഫ്.ആർ.ഐയിലാണ് ഇരുവരും മത്സ്യകൃഷി പരിശീലിച്ചത്. സംരംഭകയായി വിജയിച്ച് സ്ത്രീശക്തി തെളിയിച്ചതിനാണ് രാജി ജോർജിനെയും സരംഭകയാകുകയും കൂടുമത്സ്യകൃഷി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് സ്‌മിജയെയും ആദരിക്കും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ അംഗീകാരപത്രവും ഉപഹാരവും സമ്മാനിക്കും.