കൊച്ചി: ശരീരത്തിലെ എല്ലാ മസിലുകൾക്കും ആവശ്യമായ 12 തരം വ്യായാമങ്ങൾ ഒറ്റ മെഷീനിൽ ചെയ്യാവുന്ന മാജിക് ജിം എന്ന ഉപകരണം ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ പീറ്റർ ജോസഫ് വികസിപ്പിച്ചു. രണ്ടു തവണ ലോക ബോഡി ബിൽഡിംഗ് വെങ്കല മെഡൽ ജേതാവും 2019 ൽ ലോകകപ്പ് വെയ്റ്റ് ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവുമായ പീറ്റർ ജോസഫിന്റെ 43 വർഷത്തെ ഫിറ്റ്‌നസ് രംഗത്തെ പരിചയവും പത്ത് വർഷത്തെ പ്രയത്‌നവും ഉപയോഗിച്ചാണ് സ്വന്തമായി ലീഹാൻസ് മാജിക് ജിം വികസിപ്പിച്ചത്. സ്വന്തം വർക്ക്‌ഷോപ്പിൽ മെക്കാനിക്കൽ എൻജിനീയർ കെ.എം. കുര്യാക്കോസിന്റെ സഹായത്തോടെയാണ് പീറ്റർ മെഷീൻ നിർമ്മിച്ചത്. പേറ്റന്റ് നേടി വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം നടത്തുമെന്ന് അങ്കമാലി സ്വദേശിയായ അദ്ദേഹം പറഞ്ഞു.