election

കൊച്ചി: നേതൃത്വത്തിൽ സമുദായാംഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്ന ആവശ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികൾ നിഷേധിക്കുകയാണെന്ന് ലത്തീൻ സമുദായ സംഘടനയായ കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി ) പൊതുയോഗം ആരോപിച്ചു. ലത്തീൻ സമുദായത്തെ വോട്ട് ബാങ്കായി കണ്ടിരുന്ന പാർട്ടികൾപോലും നിസംഗത പുലർത്തുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ ശ്രദ്ധയോടെ സമീപിക്കാൻ യോഗം തീരുമാനിച്ചു.തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങളും സമുദായത്തിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെടണം. മുന്നണികളുടെ പ്രകടനപത്രികകൾ പരിഗണനയുടെ അളവുകോലാകണം. ഓരോ പ്രദേശത്തും സമുദായം ഉയർത്തുന്ന പ്രശ്‌നങ്ങളോട് മുന്നണികളും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും കൈക്കൊണ്ട നിലപാടുകളെ വിലയിരുത്തി സമ്മതിദാനാവകാശം വിനിയോഗിക്കും. വിവാദമായ ഇ.എം.സി.സി കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങിയെങ്കിലും 2018 ലെ മത്സ്യനയത്തിലുള്ള വകുപ്പുകൾ നിലനിൽക്കുകയാണ്. വകുപ്പുകൾ റദ്ദുചെയ്ത് കടൽസമ്പത്തിൽ മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കേന്ദ്രം അടിയന്തരമായി ഇടപെട്ട് പെട്രോൾ, ഡീസൽ വില നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.