കിഴക്കമ്പലം: കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടിമ​റ്റത്തെ നീലിമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കൊവിഡ് വാക്‌സിൻ സെന്റർ ആരംഭിക്കാൻ നടപടി ആയില്ല. വാക്‌സിനേഷൻ സെന്റർ അനുവദിച്ചിട്ടും ആരംഭിക്കാൻ കുന്നത്തുനാട് പഞ്ചായത്ത് മുൻകൈ എടുക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്തിനു കീഴിൽ 2 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും പ്രായമായവർ ഉൾപ്പെടെയുള്ളവർ വടവുകോട്, കടയിരുപ്പ് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ എടുക്കേണ്ട അവസ്ഥയാണ്. ഇവിടെ നിന്നും വടവുകോട്ടിലേക്കും കടയിരിപ്പിലേക്കും എത്തിച്ചേരുന്നതിന് വലിയ ബുദ്ധിമുട്ടാണ്. കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷൻ ആരംഭിക്കുകയാണങ്കിൽ പള്ളിക്കര, പറക്കോട്, പെരിങ്ങാല, പാടത്തിക്കര, കരിമുകൾ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകും. എത്രയും വേഗം പഞ്ചായത്ത് പരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.