ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ഓൺലൈൻ ബലിതർപ്പണത്തിന് 'അപ്നാക്യൂ വെർച്വൽ ക്യൂ' സംവിധാനം തയ്യാറാക്കിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് അപ്നാക്യൂ ഡൌൺലോഡ് ചെയ്ത് ലോഗിൻ ചെയ്യണം. തുടർന്ന് ആലുവ മഹാദേവ ടെമ്പിൾ സെർച്ച് ചെയ്ത് ക്യൂവിൽ ജോയിൻ ചെയ്യാം. സെക്ടർ 1,2,3 എന്ന ക്രമത്തിൽ കാണുന്ന ക്യൂവിൽ ജോയിൻ ചെയ്യുന്നവരുടെ പ്രവേശനം ദേവസ്വം ഓഫീസിനടുത്തുള്ള കവാടം വഴിയും സെക്ടർ 4,5 എന്ന ക്രമത്തിൽ തുടങ്ങുന്ന ക്യൂ പുതിയ മണപ്പുറം പാലത്തിന്റെ മുൻവശത്തെ കവാടം വഴിയുമായിരിക്കും. ക്യൂവിവരങ്ങൾ അപ്നാക്യൂവിൽ കാണാനാകും. ക്യൂവിൽ ജോയിൻചെയ്തശേഷം അപ്നാക്യൂവിൽ കാണിച്ചിരിക്കുന്ന വിസിറ്റ് (സന്ദർശന) സമയം കണക്കാക്കി ബുക്കിംഗ് ചെയ്തവർ കവാടത്തിലെത്തണം. അനുവദിക്കപ്പെട്ട സമയത്ത് ബലിതർപ്പണം നിർവഹിച്ച് മടങ്ങണം.
അവരവടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്തു അകത്തേക്ക് പ്രവേശിക്കാം. അപ്നാക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ക്യൂവിൽ ജോയിൻ ചെയ്ത ഫോണുമായി എത്തണം. അപ്നാക്യൂ ആപ്പ് ഡിലീറ്റ് ചെയ്യുകയോ ക്യൂവിൽനിന്നും എക്‌സിറ്റ് അടിക്കുകയോ ചെയ്താൽ പ്രവേശനം അനുവദിക്കില്ല.
65 വയസിൽ മുകളിൽ പ്രായമുള്ളവർ, രോഗാതുരർ, ഗർഭിണികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ ക്യൂവിൽ ജോയിൻ ചെയ്യരുത്. മാസ്‌ക് ധരിക്കണം, 1.5 മീറ്റർ വീതം സാമൂഹികഅകലം പാലിക്കണം എന്നിവ പാലിക്കണം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ലിങ്ക് പ്രവർത്തനസജ്ജമായത്. കൂടുതൽ വിവരങ്ങൾ അപ്നാക്യൂ ഫേസ് ബുക്ക് പേജിൽ ലഭിക്കും. www.facebook.com/apnaq