
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മകൻ അബ്ദുൽ ഗഫൂറും കളമശേരിയിൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും പാർട്ടി നേതൃത്വത്തെ അറിയിച്ചു. പാർട്ടി ഘടകങ്ങളുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായി ഇവരിലാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ കള്ളശേരിയിൽ മാത്രമല്ല സമീപ മണ്ഡലങ്ങളിലെയും അനുകൂല ജനവിധിയെ ബാധിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നും അവർ പറഞ്ഞു. മുസ്ലീംലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളെയും മണ്ഡലം ഉൾപ്പെടുന്ന ജില്ലയിലെ ഭാരവാഹികളെയും പാർട്ടി നേതൃത്വം മലപ്പുറത്തേയ്ക്ക് വിളിപ്പിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളുമായാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്.
എതിർപ്പറിയിച്ച് ഭൂരിപക്ഷം
കൂടിക്കാഴ്ചയിൽ മണ്ഡലം കമ്മിറ്റിയിലെ ഒമ്പത് ഭാരവാഹികൾ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരായ എതിർപ്പ് ശക്തമായി രേഖപ്പെടുത്തി. നാലുപേർ ഇബ്രാഹിം കുഞ്ഞിനെ അനുകൂലിച്ചു. എന്നാൽ, ഇവരിൽ എല്ലാവരും മകനെ പിന്തുണച്ചില്ല. ജില്ലാ നേതൃത്വത്തിലെ 15 ൽ 11 പേരും ഇബ്രാഹിംകുഞ്ഞും മകനും വേണ്ടെന്ന നിലപാടെടുത്തു. നാലുപേർ അനുകൂലിക്കുകയായിരുന്നു. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ കുടുംബവുമായി ബന്ധപ്പെട്ട് കളമശേരി മണ്ഡലത്തിലെ മുസ്ലീംലീഗ് പാർട്ടി ഒരു പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുകയാണ്.
പരിഗണിക്കുന്നത് ഇവരെ
മണ്ഡലത്തിൽ നിന്ന് പുറത്തുള്ള കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവരെയും കളമശേരി നഗരസഭ മുൻ വൈസ് ചെയർമാൻ അബൂബക്കർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. അഹമ്മദ് കബീർ, യൂത്ത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, അഡ്വ. മുഹമ്മദ് ഷാ.
യു.ഡി.എഫിലും വിയോജിപ്പ്
വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിനുൾപ്പെടെ യു.ഡി.എഫിനും വിയോജിപ്പുണ്ട്. അഴിമതിക്കേസിൽ അറസ്റ്റിലാകുകയും കോടതികളിൽ നിന്ന് പ്രതികൂല പരാമർശങ്ങൾ ഏൽക്കേണ്ടിവരികയും ചെയ്ത ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കുന്നത് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന ആശങ്ക യു.ഡി.എഫ് കക്ഷികൾക്കുണ്ട്. പാലാരിവട്ടം പാലം തിരഞ്ഞെടുപ്പ്രൽ എൽ.ഡി.എഫ് വിഷയമാക്കുന്ന സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞ് മാറിനിൽക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.