ആലുവ: കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ച് ആലുവ മഹാശിവരാത്രി ബലിതർപ്പണത്തിനായി മണപ്പുറം ഒരുങ്ങുന്നു.ചരിത്രത്തിലാദ്യമായി ഓൺലൈൻ ക്യൂ വഴിയാണ് ഇക്കുറി മണപ്പുറത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിനായി 'അപ്‌നാ ക്യൂ' എന്ന ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്കായിരിക്കും പ്രവേശനം. വിശാലമായ മണപ്പുറത്ത് അഞ്ച് ഗ്രൂപ്പുകളിലായി ആയിരം പേർ ഒരേ സമയം ഉണ്ടാകും. ശിവരാത്രി പിറ്റേന്നായ മാർച്ച് 12 ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബലിർപ്പണത്തിന് അനുമതി. കെ.എസ്.ആർ.ടി.സി. ബസുകളുടെ സേവനം പുലർച്ചെ മൂന്ന് മണിക്ക് ആരംഭിക്കും. തർപ്പണം കഴിഞ്ഞാൽ മണപ്പുറത്ത് നിന്ന് മടങ്ങണം. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ മണപ്പുറത്ത് നഗരസഭ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന വ്യാപാര മേളയും ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന സാംസ്കാരികോത്സവവും ഇത്തവണ ഉണ്ടാകില്ല.