
കൊച്ചി: മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കുമെതിരെ പരാമർശം നടത്തി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിക്കില്ല. മൊഴിപ്പകർപ്പിനായി ഇ.ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് മജിസ്ട്രേറ്റ് മുമ്പാകെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡി ഹർജി സമർപ്പിച്ചത്. സ്വർണക്കടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി കേസ് രജിസ്റ്റർചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് നൽകാൻ കസ്റ്റംസിന് ഉത്തരവ് നൽകണമെന്നായിരുന്നു ആവശ്യം. ഹൈക്കോടതിയുടെ അനുമതി വാങ്ങിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനൊഴികെ ആർക്കും മൊഴിയുടെ പകർപ്പ് കൈമാറരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടോ പരോക്ഷമായോ രഹസ്യമൊഴി കൈമാറരുതെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രഹസ്യമൊഴി വേണമെന്ന ഇ.ഡിയുടെ ആവശ്യം ഹൈക്കോടതി തള്ളിയത്.രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ പരാമർശങ്ങളുണ്ടെന്ന് കഴിഞ്ഞദിവസം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.