കൊച്ചി: കെ.എസ്.ഇ.ബിയെ ഒറ്റ ഗോളിൽ വീഴ്ത്തി എം.എ കോളേജ് കേരള പ്രീമിയർ ലീഗിൽ വിജയയാത്ര തുടങ്ങി. ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ഗോൾ കീപ്പറുടെ പിഴവാണ് മുൻ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബിയെ മുട്ടുകുത്തിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിറ്റിൽ മുന്നിലേക്ക് കയറിവന്ന കെ.എസ്.ഇ.ബി ഗോൾകീപ്പർക്ക് പന്ത് ക്ലിയർ ചെയ്യാനായില്ല. ഈ അവസരം ഈ മുതലെടുത്ത് എം.എ കോളേജിന്റെ ഫാജിൽ പന്ത് ബോക്‌സിലേക്ക് നീട്ടിനൽകി. മുന്നിലേക്ക് കുതിച്ച വിശാഖ് പന്ത് അനായാസം വലയിലാക്കുകയായിരുന്നു. ആദ്യപകുതിക്ക് മുമ്പ് വീണ ഗോൾ കെ.എസ്.ഇ.ബിയെ പാടെ തളർത്തി. പ്രത്യാക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ സീസണിൽ പല വമ്പന്മാരെയും വിറപ്പിച്ച എം.എ കോളേജ് കൂടുതൽ കരുത്തോടെയാണ് ഏഴാം സീസണിൽ എത്തിയിട്ടുള്ളത്.