പറവൂ‌ർ: ചിറ്റാറ്റുകരയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങിക്കുന്നവരുടെ യോഗം വിളിച്ചുചേർത്ത് രാഷ്ട്രീയ പ്രചരണം നടത്തിയെന്നാരോപിച്ച് വി.ഡി. സതീശൻ എം.എൽ.എ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ യോഗം ഇന്നലെ ചെറിയ പല്ലംതുരുത്ത് എസ്.എൻ. ഡി.പി യോഗം ഹാളിൽ നടത്തി. പത്താം വാർഡിലെ യോഗം ഇന്ന് അങ്കണവാടി ഹാളിലും ചേരുമെന്നും യോഗത്തിൽ നിർബന്ധമായും എത്തിച്ചേരണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ എത്തിച്ചേരാൻ കഴിയാതെവന്നാൽ വീട്ടിലുള്ള മറ്റാരെയെങ്കിലും അയക്കണമെന്നും നിർദേശമുണ്ട്. എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറിക്കെതിരായാണ് പരാതി. നിർദ്ധനരായ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലഘനമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു