കൊച്ചി: ജില്ലയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കോതമംഗലം സ്വദേശി റസൽ മുഹമ്മദാണ് (28) അറസ്റ്റിലായത്. സംഭവശേഷം ദുബായിലേക്ക് കടന്ന ഇയാളെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയിൽ എത്തിക്കുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തിൽനിന്നാണ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റസലിനെ കോടതി റിമാൻഡ് ചെയ്തു. കേസിലെ കൂട്ടുപ്രതിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കൊച്ചി നഗരത്തിൽ സമാന്തര എക്സ്‌ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജിമുക്ക് എന്ന സ്ഥലത്തെ വാടകക്കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിൽനിന്നും കമ്പ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.