കൊച്ചി: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പൊലീസ് അന്വേഷണം വിദേശപണത്തിന് പിന്നാലേ. രാജ്യത്തിന് പുറത്തുനിന്നുവരുന്ന ഫോൺകാളുകൾ ടെലികോംവകുപ്പ് അറിയാതെ ഉപഭോക്താക്കൾക്ക് എത്തിക്കുയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ രീതി. കാനഡയിലടക്കം ഇത്തരം സ്ഥാപനങ്ങൾ രഹസ്യമായി പ്രവ‌ർത്തിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്നും റസലിന് പണം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മുഖ്യപ്രതി റസലിന്റെ സ്വത്തും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും പൊലീസ് വരുംദിവസങ്ങളിൽ ശേഖരിക്കും.

പഠിച്ചെടുത്ത തട്ടിപ്പ്

ടെലികമ്മ്യൂണിക്കേഷൻ ബിരുദദാരിയായ റസലിന് ഈ രംഗത്ത് ആഴമേറിയ അറിവുണ്ട്. ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിഴവുകൾ മുതലെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളത്ത് ആറുമാസം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ നല്ലൊരു തുക റസൽ സ്വന്തമാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തിരിച്ചറിയാൻ കഴിയില്ല

വിദേശത്തുനിന്നുവരുന്ന ടെലിഫോൺ കോളുകൾ ഇന്റർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പരിൽനിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. ഏത് രാജ്യത്തുനിന്നുള്ള വിളിയാണെന്നുപോലും കണ്ടെത്താൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഉപയോഗിച്ചാൽപോലും കണ്ടെത്താൻ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. തൃക്കാക്കരയിൽ പിടിച്ചെടുത്ത കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്.