nadhiya

ആലുവ: ജീവിത പ്രതിസന്ധികളിൽ തളരാത്ത മനസുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഈ വനിതാ ദിനത്തിലും ആലുവ സ്വദേശിനി നാദിയ. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെയാണ് നാദിയയുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. മകളുടെ ഒരോ ചുവടുകളിലും താമസം അനുഭവപ്പെട്ടതോടെ സംശയം തോന്നിയപ്പോഴാണ് കൂടുതൽ അറിയാൻ ശ്രമിച്ചത്.

ഒടുവിൽ മകളിൽ ഓട്ടിസത്തിന്റെ ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ വിവിധ ചികിത്സാ രീതികളായ ഫിസിയോ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയവ കൃത്യമായി നൽകിയാൽ മാറ്റങ്ങൾ വരുമെന്നറിഞ്ഞു. തുടർന്ന് ഒന്നര വയസ് മുതൽ ആഴ്ച്ചയിൽ ആറ് ദിവസവും കളമശേരിയിലെ ആൽഫ റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സ തുടർന്നു. വിവിധ കുട്ടികളിലെ വ്യത്യസ്തമായ അവസ്ഥകളെ പറ്റി മനസിലാക്കുകയും അവരാരും ശേഷി കുറവുള്ളവരല്ല മറിച്ച് വിഭിന്നമായ ശേഷികളും കഴിവുകളും ഉളളവരാണെന്നും അവരുടെ വ്യത്യസ്ഥമായ കഴിവുകൾ തിരിച്ചറിയുന്നിടത്താണ് അവരെ ജീവിതത്തിലേക്ക് ഉയർത്താൻ കഴിയൂവെന്നും നാദിയ തിരിച്ചറിഞ്ഞു.

തുടർന്ന് എം.ജി യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യൽ ബി.എഡ് കോഴ്‌സ് ചെയ്യുകയും വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭാസത്തിന് എഡുക്കേഷണൽ തെറാപ്പിസ്റ്റ് ആവുകയും ചെയ്തു. തുടർന്ന് കളമശ്ശേരി ആൽഫയുടെ സഹകരണത്തോടെ ഒരു സെന്റർ കണിയാംകുന്നിൽ ആരംഭിച്ചു. രണ്ട് വർഷത്തിനകം ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി നോർമൽ സ്‌കൂളിൽ അഡ്മിഷൻ നേടിയ നാദിയയുടെ മകൾ റംഷ ഇപ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ജീവിതത്തിൽ ഇത്തരം കുരുന്നുകളുമായി ഏറെ പ്രയാസപ്പെടുന്ന മാതാപിതാക്കൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകേണ്ടതിന്റെ ആവശ്യകത സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞ നാദിയ സൈകോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. പഠന കാലയളവിലെ കൂട്ടുകാരായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്കളുമായി ചേർന്ന് കലൂരിൽ കൗൺസിലിംഗ് സെൻറർ തുറക്കാനുള്ള ശ്രമത്തിലാണ് നാദിയ.