
കൊച്ചി: അസംസ്കൃതവസ്തുക്കളുടെ ക്ഷാമം മൂലം കേരളത്തിന്റെ പ്ലാസ്റ്റിക്ക് വ്യവസായം പൂട്ടലിലേക്ക്. പ്ലാസ്റ്റിക്ക് നിർമ്മാണത്തിനുള്ള പോളിമറുകൾ 60 ശതമാനവും നിർമ്മിക്കുന്നത് സ്വകാര്യ കമ്പനികളാണ്. 40 ശതനമാനമേ പൊതുമേഖലയിലുള്ളൂ. അന്താരാഷ്ട്ര മാർക്കറ്റിൽ പോളിമറിന്റെ ഡിമാൻഡ് വൻതോതിൽ ഉയരുകയും ലഭ്യത കുത്തനെ ഇടിയുകയും ചെയ്‌തതോടെ ഇന്ത്യൻ കമ്പനികൾ കയറ്റുമതിക്ക് ഉത്സാഹം കാട്ടുന്നതാണ് ആഭ്യന്തരവിപണിയിൽ ക്ഷാമമുണ്ടാക്കുന്നത്.
1,340 പ്ളാസ്‌റ്റിക് നിർമ്മാണസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. പൂട്ടിയാൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ ഇല്ലാതാകും. 50 ശതമാനം സ്ഥാപനങ്ങളുടെ പ്രവർത്തനം നിലച്ചമട്ടാണ്. മറ്റുള്ളവ പോളിമർ ഇറക്കുമതിയിലൂടെ പിടിച്ചുനിൽക്കുന്നു. 30 രൂപവരെ അധികം നൽകിയാണ് ഇറക്കുമതി.
ആറുമാസം, വിലക്കയറ്റം 155%
പോളിമറുകൾക്ക് 155 ശതമാനം വരെയാണ് ആറുമാസത്തിനിടെ വില വർദ്ധിച്ചത്. ഉത്പാദനച്ചെലവിലും ഫീഡ് സ്റ്റോക്കിലും മാറ്റമില്ലാതിരുന്നിട്ടും സ്വകാര്യ, പൊതുമേഖലാ കമ്പനികൾ ഒന്നിച്ച് വിലകൂട്ടി. ലഭ്യതക്കുറവ് മൂലം കിലോയ്ക്ക് 30 രൂപവരെ അധികം നൽകി അസംസ്‌കൃത വസ്തുക്കൾ വാങ്ങേണ്ട സ്ഥിതിയിലാണ് വ്യവസായികൾ.
ശൈത്യവും ക്ഷാമവും
അതിശൈത്യത്താൽ അമേരിക്കയിലെ കമ്പനികൾ അടച്ചതും ഒട്ടേറെ രാജ്യങ്ങളിലെ കമ്പനികൾ വാർഷിക അറ്റകുറ്റപ്പണിക്കായി ഒന്നരമാസത്തേക്ക് പ്രവർത്തനം നിറുത്തിയതുമാണ് അന്താരാഷ്‌ട്രതല ലഭ്യതക്കുറവിന് കാരണം. ഈ സാഹചര്യത്തിൽ, കോടികളുടെ ലാഭം ലക്ഷ്യമിട്ടാണ് ഇന്ത്യൻ കമ്പനികളുടെ കയറ്റുമതി ഉത്സാഹം.
'' സ്വകാര്യകമ്പനികളെ പോലെ വൻലാഭം ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനങ്ങളും ഇപ്പോൾ കയറ്റുമതിയിലാണ് ശ്രദ്ധിക്കുന്നത്. രാജ്യത്തെ ചെറുകിട പ്ലാസ്റ്റിക്ക് വ്യാപാരികളെ ഇവർ ഗൗനിക്കുന്നില്ല. പോളിമറിന് വില കൂട്ടിയിട്ടും ക്ഷാമം തുടരുകയാണ്""
പി.ജെ മാത്യു, മുൻ പ്രസിഡന്റ്,
കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ്
അസോസിയേഷൻ