പ്രശ്നപരിഹാരത്തിന് കഠിനപ്രയത്നത്തിലെന്ന് വാട്ടർ അതോറിറ്റി
കൊച്ചി: ചേരാനെല്ലൂരിലെ കുടിവെള്ളക്ഷാമം അനന്തമായി തുടരും. ജലക്ഷാമം പരിഹരിക്കാൻ കഠിനപ്രയത്നത്തിലാണെന്ന് വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. ഒരു ടാങ്കർ മാത്രമാണ് ജലവിതരണത്തിന് കൈവശമുള്ളതെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി ഇന്നലെയും തങ്ങളുടെ നിസഹായാവസ്ഥ വിശദീകരിച്ചു. തുടർന്ന് ഹൈക്കോടതി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ചേരാനെല്ലൂരിൽ ജനുവരി അഞ്ചുമുതൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി ഡിക്‌സൺ ചക്യാത്ത്, ചേരാനെല്ലൂർ പഞ്ചായത്ത് തുടങ്ങിയവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ജലവിതരണശൃംഖലയുടെ അവസാനഭാഗം
പുതുവർഷം മുതൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ഹർജിയിൽ പറയുമ്പോൾ ഇവിടെ ജലക്ഷാമം ഒരുപാടു വർഷങ്ങളായി തുടർക്കഥയാണ്. ആലുവയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നുള്ള ജലവിതരണ ശൃംഖലയുടെ അവസാന ഭാഗമാണെന്നതാണ് ചേരാനെല്ലൂരിന്റെ ശാപം. ഇവിടെ വാട്ടർടാങ്ക് സ്ഥാപിച്ച് ജലം ശേഖരിക്കാൻ നടപടി വേണമെന്നും ഏറെക്കാലമായി ആവശ്യമുയർന്നിരുന്നു. അമൃത് പദ്ധതിയിലുമൊക്കെയായി ചില പദ്ധതികൾ നടപ്പാക്കി വരികയാണെന്നും മൂന്നുവർഷംകൊണ്ട് ഇതു പൂർത്തിയാകുന്നതോടെ ഇവിടുത്തെ ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് കഴിഞ്ഞ സെപ്തംബറിലെ മറ്റൊരു കേസിൽ വാട്ടർ അതോറിറ്റി ഹൈക്കോടതിയിൽ മറുപടി നൽകിയിരുന്നു. കൊച്ചി കുടിവെള്ള സംരക്ഷണസമിതിയുടെ കേസിൽ 2006 ൽ കുടിവെള്ളം മൗലികാവകാശമാണെന്നു ഹൈക്കോടതി പറഞ്ഞിരുന്നു.
മൂന്നു ലക്ഷം ലിറ്ററിന്റെ കുറവ്
26,000 ലെറെയാളുകൾ ചേരാനെല്ലൂർ മേഖലയിൽ വസിക്കുന്നുണ്ടെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ചേരാനെല്ലൂർ പ്രദേശത്ത് 7.4 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ടെങ്കിൽ 4.2 ലക്ഷം ലിറ്റർ വെള്ളം മാത്രമേ നൽകാൻ കഴിയുന്നുള്ളൂവെന്നാണ് വാട്ടർ അതോറിറ്റിയുടെ മറുപടി. ഒരു ടാങ്കറിൽ വെള്ളം വിതരണം ചെയ്തു തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ വാട്ടർ അതോറിറ്റി ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചിരുന്നു. ചേരാനെല്ലൂരിലെ കുടിവെള്ളക്ഷാമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ പരാതി ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ കാരണങ്ങളാലാണെന്നും വാട്ടർ അതോറിറ്റിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. പഞ്ചായത്ത് ഒാഫീസിലേക്കോ പൊതുടാപ്പുകളിലേക്കോ ഒരുതുള്ളിവെള്ളം കിട്ടുന്നില്ലെങ്കിലും കൃത്യമായി 1.5 ലക്ഷം രൂപയുടെ ബിൽ കിട്ടുന്നുണ്ടെന്ന് പഞ്ചായത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
പ്രതിഷേധം പലകുറി
കുടിവെള്ളം ലഭിക്കാൻ ചേരാനല്ലൂർ നിവാസികൾ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും എറണാകുളത്തെ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ഓഫീസിന് മുൻപിൽ ജനങ്ങൾ പ്രതിഷേധവുമായെത്തി. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സൂപ്രണ്ടിംഗ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഈമാസംതന്നെ ആവശ്യത്തിന് ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ജനങ്ങൾ തൃപ്തരല്ല. ശാശ്വതപരിഹാരം വേണമെന്നാണ് ആവശ്യം.