മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാ ദേവക്ഷേത്രത്തിലെ ശിവരാത്രിമഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശിവരാത്രി ചടങ്ങുകൾ. ക്ഷേത്ര മതിലിനകത്തേക്കുള്ള പ്രവേശനവും ദർശനവും സൗജന്യ പാസ് മൂലം നിയന്ത്രിക്കും. എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ എന്നിവ ക്ഷേത്ര മതിലിനകത്ത് മാത്രമായി ചുരുക്കും.
തീർത്ഥക്കരയിലെ ബലിയിടൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രം ഓഫീസിലും മുൻകൂട്ടി ബലി ടോക്കൺ ബുക്ക് ചെയ്യാവുന്നതാണ്. ദിവസവും രാവിലെ 4.30ന് നിർമ്മാല്യദർശനത്തോടെ ആരംഭിക്കുന്നചടങ്ങുകൾ ശംഖാഭിഷേകം, എതൃത്തപൂജ, ധാര, നവകാഭിഷേകം, ഉച്ചപ്പൂജ എന്നിവ നടക്കും.
വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് അത്താഴപ്പൂജ. ശിവരാത്രിനാളിൽ പുലർച്ചെ 3.30ന് നിർമ്മാല്യദർശനം, രുദ്രാഭിഷേകം എന്നിവയും 8ന് ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടാകും. 11ന് ശ്രീരുദ്രധാര നവകാഭിഷേകം, കാവടി അഭിഷേകം, ഉച്ചപ്പൂജ എന്നിവ ഉണ്ടാവും.വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, അത്താഴപ്പൂജ. രാത്രി 12 ന് ശിവരാത്രിപൂജ വിളക്കിനെഴുന്നള്ളിപ്പ്.