ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് പട്ടേരിപ്പുറം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ വീണ്ടും വാട്ടർ അതോറിട്ടി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. രണ്ടാഴ്ച മുമ്പും സമാനമായ രീതിയിൽ സമരം നടത്തിയപ്പോൾ പമ്പിംഗ് നടത്തിയെങ്കിലും തൊട്ടടുത്തദിവസംതന്നെ വെള്ളം മുടങ്ങി. വീണ്ടും വെള്ളം മുടങ്ങുന്ന സാഹചര്യത്തിലാണ് നാട്ടുകാർ സമരമാരംഭിച്ചത്.
പലതവണ പരാതിപ്പെട്ടിട്ടും ഇവിടെ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുലഭിച്ചെങ്കിലും നടപടിയായിട്ടില്ല. നഗരസഭ അതിർത്തിയിലൂടെ പൈപ്പ് വലിക്കാൻ അനുമതി ലഭിക്കുന്നില്ലെന്നാണ് വാട്ടർ അതോറിട്ടിയുടെ നിലപാട്. എന്നാൽ റോഡ് കുത്തിക്കൊളിക്കുന്നതിന്റെ നഷ്ടപരിഹാരതുക അടക്കാത്തതാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് നഗരസഭ അധികൃതരും പറയുന്നു. ആലുവ നഗരസഭയും ചൂർണിക്കര ഗ്രാമപഞ്ചായത്തും കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. ഭരണനേതൃത്വങ്ങൾക്ക് പരസ്പരം ചർച്ചചെയ്ത് പരിഹരിക്കാമെങ്കിലും അതിന് തയ്യാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മെമ്പർ രാജേഷ് പുത്തനങ്ങാടി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജോസ്ദാസ്, യൂത്ത് കോൺഗ്രസ് നേതാവ് ജയദേവൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഇനിയും കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.