
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഒരേസമയം നാല് ബാച്ചുകളിലായി 800 പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 11,12 തീയതികളിലാണ് ശിവരാത്രി ആഘോഷം. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനായി ആശ്രമത്തിലും പരിസരത്തും കൂടുതൽ വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 11ന് രാത്രി പത്തിന് മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, സ്വാമി ഋഷി ചൈതന്യ, മധു ശാന്തി, ആർ. ചന്ദ്രശേഖരൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണം ആരംഭിക്കും. സ്ത്രീകൾക്കായി പ്രത്യേക കുളിക്കടവും ക്രമീകരിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമം ഭക്തജന സമിതിയുടെയും നേതൃത്വത്തിൽ 150ഓളം വളണ്ടിയർമാരുണ്ടാകും. പാർക്കിംഗിന് വിപുലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
98 -ാമത് സർവമത സമ്മേളനം
ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സർവമത സമ്മേളനത്തിൽ 98 -ാമത് ആഘോഷവും ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എംഎൻ. സോമൻ വിശിഷ്ടാതിത്ഥിയായിരിക്കും. ഫാ. ടി. സാമുവൽ നെറ്റിയാടൻ, ശിഹാബുദീൻ ഫൈസി, പണ്ഡിറ്റ് പ്രകാശ് ഭായ്, സ്വാമി നിഗമാനന്ദപുരി, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, കൗൺസിലർ കെ. ജയകുമാർ, സുരേഷ് കുമാർ മധുസൂദനൻ (കേരളീയസമാജം മുംബയ്), ഗുരുധർമ്മപ്രചാരണ സഭ കേന്ദ്രസമിതി അംഗം പി.എസ്. സിനീഷ് എന്നിവർ സംസാരിക്കും.
അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ,ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരൻ എന്നിവർ സംസാരിക്കും.ആലുവ മീഡിയ ക്ളബിൽ നടന്ന പത്രസമ്മേളനത്തിൽ അദ്വൈതാശ്രമം ഭക്തജന സമിതി സെക്രട്ടറി എം.വി. മനോഹരൻ പങ്കെടുത്തു.