moly

കൊച്ചി: പറവൂർ പുത്തൻവേലിക്കര മോളി വധത്തിൽ പ്രതിയായ അസാം സ്വദേശി പരിമൾ സാഹുവിന് (24,​ മുന്ന) വധശിക്ഷ. ഒരു ലക്ഷം രൂപ പിഴയുമടയ്‌ക്കണം. പറവൂർ പുത്തൻവേലിക്കര പാലാട്ടി വീട്ടിൽ പരേതനായ ഡേവിസിന്റെ ഭാര്യ മോളിയെ (61) ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനാണ് പറവൂർ അഡി. ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും,​ തെളിവു നശിപ്പിക്കലിന് മൂന്നു വർഷം തടവും, 10,000 രൂപ പിഴയും,​ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴത്തുക മോളിയുടെ ഭിന്നശേഷിക്കാരനായ മകൻ ഡെന്നിയുടെ രക്ഷിതാവിന് നൽകണമെന്നും അഡി. ജില്ലാ സെഷൻസ് കോടതി ജഡ്‌ജി മുരളീ ഗോപാല പണ്ഡാല വിധിച്ചു.

2018 മാർച്ച് 18 നായിരുന്നു സംഭവം. കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ സാഹു മോളിയുടെ വീടിന്റെ ഒൗട്ട് ഹൗസിലെ വാടകക്കാരനായിരുന്നു. ഭർത്താവ് മരിച്ചതോടെ അപ്പുവെന്നു വിളിക്കുന്ന മകൻ ഡെന്നിക്കൊപ്പം (32) പഞ്ചായത്ത് ഒാഫീസിന് സമീപത്തെ വീട്ടിലായിരുന്നു താമസം. രാവിലെ ഡെന്നിയാണ് അയൽപക്കത്തെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു പറഞ്ഞത്. അയൽവാസികളെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഡെന്നി പലതവണ മുന്നയുടെ പേരു പറഞ്ഞതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്‌തു. തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

 ഡെന്നിയെ പ്രതിയാക്കാൻ നോക്കി

പുലർച്ചെ വീടിനു മുന്നിലെ ലൈറ്റ് അഴിച്ച ശേഷം മുന്ന കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്ന മോളിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തതോടെ തലയ്‌ക്കടിച്ചു വീഴ്‌ത്തി. തുടർന്ന് ബെഡ് റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടുച്ചു കൊന്നു.

ഡെന്നിയുടെ മുന്നിൽ വച്ചാണ് മോളിയെ ആക്രമിച്ചത്. കൊലപ്പെടുത്തിയത് ഡെന്നിയാണെന്ന് വരുത്താൻ മോളിയുടെ രക്തം ഡെന്നിയുടെ ടീ ഷർട്ടിൽ പുരട്ടിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.