കോലഞ്ചേരി: കുന്നെടുത്ത്, കുന്നെടുത്ത് കുന്നില്ലാനാടായ കുന്നത്തുനാട്ടിൽ പേരിന്, അവശേഷിക്കുന്ന കുന്നുകളും തുരക്കുന്നു. തിരഞ്ഞെടുപ്പ് തിരക്കുകളിൽ ഉദ്യോഗസ്ഥർ മുറുകിയിരിക്കെ കണ്ണടച്ച് തുറക്കും മുമ്പാണ് മലകൾ അപ്രത്യക്ഷമാകുന്നത്. ഐക്കരനാട് പഞ്ചായത്തിലെ കൂരാച്ചിയിലാണ് ഒടുവിൽ വലിയ തോതിൽ മണ്ണ് ഖനനം നടക്കുന്നത്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ മണ്ണെടുപ്പ് നിർബാധം തുടരുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. സംഭവമറിഞ്ഞെത്തുന്ന ഉദ്യോഗസ്ഥർക്ക് 10,000 രൂപയാണത്രെ കൈമടക്ക്. കിട്ടിയവർ, കിട്ടിയവർ വാങ്ങി മടങ്ങിയെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ. ചുട്ടുപൊള്ളുന്ന വേനലിൽ മേഖലയിൽ കുടിവെള്ളം പോലും കിട്ടാക്കനിയാകുമ്പോഴാണ് മണ്ണ് മാഫിയ പ്രദേശത്ത് അഴിഞ്ഞാട്ടം നടത്തുന്നത്. മുകളിൽ നിന്നും പേപ്പറുകൾ എല്ലാം ശരിയാക്കി ടിപ്പറുകളും, മണ്ണ് മന്ത്റി യന്ത്റ സാമാഗ്രകളുമായി സ്ഥലത്ത് എത്തുമ്പോഴാണ് പലപ്പോഴും ചുറ്റുമുള്ള നാട്ടുകാർ അറിയുന്നത്. പേരിനുള്ള കുറച്ച് പാസുമായി വന്ന് ദിവസങ്ങൾക്കകം രാത്രിയും, പകലും നിന്ന് കുന്നും മലയും അപ്രത്യക്ഷമാക്കി കടന്ന് കളയുകയാണ് പതിവ്. സ്ഥലത്തെ വില്ലേജ് അധികാരികൾക്ക് പരാതി കൊടുത്താൽ, മുകളിൽ നിന്നും ക്ലിയറൻസ് എല്ലാം കിട്ടിയിട്ടുള്ളതാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലയ്ക്ക് പുറത്ത് ആലപ്പുഴ, അരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിവിധ പ്രൊജക്ടുകളുടെ പേരിൽ കടത്തുന്ന മണ്ണ് കൊണ്ടു പോകുന്നത് മിക്കപ്പോഴും സ്ഥിരം മണ്ണ് ലോബികൾ തന്നെയാണെന്നതും ഉദ്യോഗസ്ഥ മണ്ണ് മാഫിയ ബന്ധം വെളിപ്പെടുത്തുന്നതാണ്. രാവിലെ പുലർച്ചെ 4 മണിക്ക് മുമ്പേ ഖനനം ആരംഭിക്കും. ഇതിനെതിരെ ശബ്ദമുയർത്താനോ വിരൽ ചൂണ്ടാനോ ഒരു രാഷ്ട്രീയ പാർട്ടികളും മെനക്കെടാറുമില്ല. നിലവിൽ ഭരണം കയ്യാളുന്ന ട്വൻറ്റി 20 ക്ക് ഈ വിഷയത്തിൽ യാതൊരു നയവുമില്ലാത്തതും പ്രദേശത്തെ പരിസ്ഥിതിയെ കൂടുതൽ താറുമാറാക്കുന്നു. പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകരുടെ ഒറ്റപ്പെട്ട ശബ്ദത്തിന് ഭീഷണിയാണ് മറുപടി. ഈ സ്ഥിതി തുടർന്നാൽ കുന്നത്തുനാട്ടിൽ കുന്ന് കാണാനുണ്ടാകില്ല.