
കൊച്ചി: കൈവിട്ടുപോയ മണ്ഡലം വീണ്ടെടുക്കാൻ യു.ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും കച്ചകെട്ടുന്ന മൂവാറ്റുപുഴയിൽ ട്വന്റി 20 യുടെ കടന്നുവരവ് മത്സരച്ചൂട് കടുപ്പിക്കും. സിറ്റിംഗ് എം.എൽ.എ സി.പി.ഐയിലെ എൽദോ എബ്രഹാമിനെ മുൻ എം.എൽ.എ ജോസഫ് വാഴയ്‌ക്കൻ നേരിടുമെന്നാണ് സൂചന. മാദ്ധ്യമപ്രവർത്തകൻ സി.എൻ. പ്രകാശാണ് ട്വന്റി 20 സ്ഥാനാർത്ഥി.
കേരളപ്പിറവിക്ക് ശേഷം നടന്ന ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിന്ന കർഷകമണ്ഡലം കേരള കോൺഗ്രസിന്റെ വരവോടെ ഉള്ളിലിരിപ്പ് തുറന്നുകാട്ടി. 1965 ൽ ശക്തമായ ത്രികോണമത്സരത്തിലും കന്നിയങ്കം കുറിച്ച കേരള കോൺഗ്രസ് ശക്തി തെളിയിച്ചു. കോൺഗ്രസും സി.പി.ഐയുമായിരുന്നു എതിരാളികൾ. 1967 ലും ആവർത്തിച്ച ത്രികോണമത്സരത്തിലൂടെ മൂവാറ്റുപുഴയിൽ സി.പി.ഐ ചെങ്കൊടി പാറിച്ചു. അടുത്തതവണ സി.പി.ഐയും നാഷണൽ കോൺഗ്രസ് (ഓർഗനൈസേഷൻ) ഉം കിണഞ്ഞുപരിശ്രമിച്ചിട്ടും സ്വതന്ത്രയായി മത്സരിച്ച പെണ്ണമ്മ ജേക്കബ് സീറ്റും കൊണ്ടുപോയി. 1977ൽ മാണി, പിള്ള കേരള കോൺഗ്രസുകൾ തമ്മിലായിരുന്നു മത്സരം. അന്ന് പിള്ള ഗ്രൂപ്പ് പരാജയപ്പെട്ടു. 1980 ൽ കേരള കോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പിനുവേണ്ടി കന്നിയങ്കത്തിനിറങ്ങിയ ജോണി നെല്ലൂരിനെ പിന്തള്ളി ജോസഫ് ഗ്രൂപ്പിന്റെ വി. ജോസഫ് വെന്നിക്കൊടി പാറിച്ചു. 1982 ൽ കേരള കോൺഗ്രസ് (ജെ) ജോസഫ് വർക്കിയും, 1987 ൽ സ്വതന്ത്രൻ എ.വി. ഐസക്കും വിജയിച്ചു.
1991, 1996, 2001 വർഷങ്ങളിൽ വിജയിച്ച് ഹാട്രിക് കരസ്ഥമാക്കിയ ജോണി നെല്ലൂർ 1980 ലെ തോൽവിക്ക് പകരം വീട്ടിയെങ്കിലും 2006 ൽ ചരിത്രവിജയം പ്രതീക്ഷിച്ച നെല്ലൂരിനെ കണക്കുകൂട്ടലുകൾ തെറ്റി. സി.പി.ഐയുടെ ബാബു പോൾ മണ്ഡലം പിടിച്ചെടുത്തു. അടുത്തതവണ അങ്കത്തിനിറങ്ങിയ ജോസഫ് വാഴയ്ക്കൻ 1960 ൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചെടുത്തെങ്കിലും നിലനിറുത്താനായില്ല. 2016 ൽ എൽ.ഡി.എഫ് അവതരിപ്പിച്ച സി.പി.ഐയുടെ പുതുമുഖം എൽദോ എബ്രഹാം വിജയിച്ചു. ഇതുവരെയുള്ള മണ്ഡല ചരിത്രത്തിൽ കേരള കോൺഗ്രസിന്റെ രൂപപരിണാമങ്ങൾക്കനുസരിച്ച് മാറിയും മറിഞ്ഞും നിന്ന മണ്ഡലം ഇത്തവണ ഏതുവഴി ചിന്തിക്കുമെന്നത് പ്രവചനാതീതമാണ്. സഭാതർക്കത്തിൽ യാക്കോബായക്കാരുടെ നിലപാടും മൂവാറ്റുപുഴയ്ക്ക് ഇക്കുറി നിർണായകമാണ്.
ബി.ജെ.പി യുടെ വളർച്ച
1987 ലാണ് മൂവാറ്റുപുഴ മണ്ഡലത്തിൽ താമരചിഹ്നം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അന്ന് 3,900 പേരുടെ സമ്മതിദാനം സ്വന്തമാക്കി സാന്നിദ്ധ്യമറിയിച്ചെങ്കിലും പിന്നീട് 2016 വരെ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. 2016 ൽ ബി.ഡി.ജെ.എസിന്റെ വരവോടെ ബി.ജെ.പിയുടെ മുന്നേറ്റം പതിനായിരത്തിനടുത്ത് (9,759) എത്തി. ഇക്കുറി വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി.