
ആലുവ: ആലുവ - മൂന്നാർ സംസ്ഥാനപാതയിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്പിൽ അശാസ്ത്രീയ ഫുട്പാത്ത് നിർമ്മാണം ആരംഭിച്ചതോടെ അപകടവും തുടങ്ങി. ഇതൊന്നും കാര്യമാക്കാതെ പി.ഡബ്ളിയു.ഡി അധികൃതർ നിർമ്മാണം തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമായി.
കാൽ കോടിയോളം രൂപ മുടക്കി ഫുട്പാത്തിനായി നിർമ്മിക്കുന്ന അടിത്തറ കഴിഞ്ഞ ദിവസം വാഹനം ഇടച്ചുതകർന്നു. യഥാർത്ഥത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഫുട്പാത്ത് ജനങ്ങൾക്ക് കൂടുതൽ ദുരിതമാകുമെന്ന് ഉറപ്പാണ്. വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറയുന്ന അവസ്ഥയാണ്. കാൽനടക്കാർക്ക് ആവശ്യമായതിലധികം വീതിയിൽ പൊലീസ് സ്റ്റേഷൻ മുതൽ എസ്.പി ഓഫീസ് വരെ റോഡിന്റെ ഇടതുവശത്താണ് ഫുട്പാത്ത് നിർമ്മാണം. മൂന്ന് കോടതികൾ, ലോക്കൽ പൊലീസ് സ്റ്റേഷൻ, ട്രാഫിക്ക് സ്റ്റേഷൻ തുടങ്ങി പൊലീസ് സേനയുടെ വിവിധ ഓഫീസുകൾ, മറ്റ് സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ, നഗരസഭ ഗ്രൗണ്ട് എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്താണ് വാഹന പാർക്കിംഗ് പൂർണമായി തടസപ്പെടുത്തി ഫുട്പാത്ത് നിർമ്മിക്കുന്നത്.
നേരത്തെ ഇവിടെ പൊലീസ് കേസിൽപ്പെടുന്ന വാഹനങ്ങളാണ് പാർക്ക് ചെയ്തിരുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും നീക്കാത്തതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടതോടെയാണ് കളമശേരി എ.ആർ ക്യാമ്പ് വളപ്പിലേക്ക് മാറ്റിയത്. നിലവിലുള്ള കാന അറ്റകുറ്റപ്പണി നടത്തി സ്‌ളാബ് സ്ഥാപിച്ച് നടപ്പാതയൊരുക്കുന്നതിന് പകരം ഇരട്ടിയിലേറെ വീതിയിൽ നടപ്പാത നിർമ്മിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മണ്ണടിച്ച് ഉയർത്തുന്നതിന് ടാറിംഗിനോട് ചേർന്ന് കോൺക്രീറ്റ് കട്ടകൾ സ്ഥാപിച്ച് തുടങ്ങി.
ഇതേഅവസ്ഥയിൽ നിർമ്മാണം പൂർത്തീകരിച്ചാൽ ഇവിടെ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം പോലുമുണ്ടാകില്ല. പൊലീസ് സ്റ്റേഷനിലേക്ക് വരുന്നവർക്കെല്ലാം സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ല. മാത്രമല്ല, കോടതിയിലേക്കും മറ്റും വരുന്ന വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുമെന്നാണ് ജനം ചോദിക്കുന്നത്. പൊലീസ് സ്റ്റേഷനോട് പൊതുമരാമത്ത് വകുപ്പിന്റെ സൂപ്രണ്ടിംഗ് ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ അമിത വീതിയിൽ നടപ്പാത നിർമ്മിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം ഇവിടത്തെ ഉദ്യോഗസ്ഥർക്കെല്ലാം അറിവുള്ളതാണ്. എന്നിട്ടും ഇത്തരം നടപടി സ്വീകരിക്കുന്നതിലാണ് നാട്ടുകാർക്ക് എതിർപ്പ്.
അശാസ്ത്രീയമായ ഫുട്പാത്ത് നിർമ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ജെയിസൺ പീറ്റർ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർക്ക് പരാതി നൽകി.