postoffice

ആലുവ: ആലുവ ഡിവിഷനിലെ ഏക സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് വനിതാ ദിനത്തിലും സജീവം. തൊഴിൽമേഖലയിൽ സ്ത്രീകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2019 ആഗസ്റ്റ് 14ന് ആലുവ ബസാർ പോസ്റ്റ് ഓഫീസ് സമ്പൂർണ വനിതാ ജീവനക്കാരുടെ പോസ്റ്റ് ഓഫീസ് ആയത്.
2019ൽ ഡിവിഷനിലെ ആദ്യ പോസ്റ്റ്മിസ്ട്രസ് എന്ന ബഹുമതി നേടിയ പ്രമീള ഇപ്പോൾ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. പോസ്റ്റ് മിസ്ട്രസും ഒരു സഹായിയുമാണ് ഇവിടെയുള്ളത്. നിലവിൽ ആലുവ ദേശം നിവാസിയായ ശാന്തകുമാരിയാണ് പോസ്റ്റ്മിസ്ട്രസ്. വടകര സ്വദേശിനിയായ ശാരികയാണ് രണ്ടാമത്തെ വനിത. ആലുവ ഹെഡ് പോസ്റ്റ് ഓഫീസിൽ കുറച്ചു നാളായി ജോലി ചെയ്യുന്നതിനാൽ ശാരികയ്ക്ക് പകരം വിരമിച്ച രാധയാണ് താത്കാലിക ജീവനക്കാരി എന്ന നിലയിൽ ഇവിടെയുള്ളത്. രാധയാണ് തുടക്കകാലം മുതൽ ഇവിടെയുള്ള ജീവനക്കാരി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആകെ അഞ്ച് വനിതകളാണ് ഇവിടെ ജോലി ചെയ്തിട്ടുള്ളത്. ബസാർ പോസ്റ്റ് ഓഫീസിനോട് ചേർന്ന് അസി. സൂപ്രണ്ട് ഓഫീസുമുണ്ട്. അതിലും സതിയെന്ന വനിതയാണ് സ്ഥാനം വഹിക്കുന്നത്.

ആലുവയിലെ ആദ്യ പോസ്റ്റ് ഓഫീസാണ് മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ബസാർ പോസ്റ്റ് ഓഫീസ്. പിന്നീടാണ് ടൗൺ ഹാളിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നത്. 2019 ൽ കേരളത്തിലെ ഓരോ ഡിവിഷനിലും ഒരു സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് തുടങ്ങേണ്ട നടപടികൾ ആരംഭിച്ചപ്പോൾ ബസാർ ഓഫീസിന് ആ പദവി നൽകുകയായിരുന്നു. എല്ലാ തപാൽ ഓഫീസിലും ലഭിക്കുന്ന സേവനങ്ങൾ ഇവിടെയും ലഭിക്കും. പുരുഷന്മാർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യാൻ ഇവിടെ സ്ത്രീകളും തയ്യാറാണ്. എല്ലാത്തരം സേവനവും എല്ലാവർക്കും ലഭിക്കും. കോതമംഗലം മുതൽ പുത്തൻവേലിക്കര വരെ ഉൾപ്പെടുന്ന ആലുവ ഡിവിഷനിലെ ഏക സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസായതിനാൽ വനിതകൾക്ക് മാത്രമേ നിയമനം ലഭിക്കൂ. ഇത്രയും കാലത്തിനിടയിൽ അനിഷ്ടമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ്മിസ്ട്രസ് ശാന്തകുമാരി പറഞ്ഞു.