
കൊച്ചി:സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം കരമന സ്വദേശിനിയായ അഭിഭാഷക എസ്. ദിവ്യയെ കസ്റ്റംസ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 11 ന് ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായാണ് ഇവർ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരായത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.ആർ. സരിത്ത് എന്നിവരുമായുള്ള ബന്ധം, ഫോൺകാൾ വിവരങ്ങൾ എന്നിവയാണ് കസ്റ്റംസ് പ്രധാനമായും ആരാഞ്ഞത്. തന്റെ പേരിലെടുത്ത സിമ്മിൽ നിന്നും പോയ ഒരു കാളുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് വിളിച്ചുവരുത്തിയതെന്ന് ചോദ്യംചെയ്യലിന് ശേഷം ദിവ്യ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ടെലി കോളിംഗിനിനായി സുഹൃത്ത് ഫോൺ ഉപയോഗിച്ചു. ഇതു സംബന്ധിച്ച് എല്ലാ വിവരങ്ങളും കസ്റ്റംസിന് കൈമാറി. തനിക്ക് ഒമ്പത് സിമ്മുണ്ടെന്ന പ്രചാരണം ശരിയല്ല. കേസിൽ ഉൾപ്പെട്ട സിം നേരത്തെ ഡിആക്റ്റിവേറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്നത് ഭർത്താവിന്റെ പേരിലുള്ള സിമ്മാണ്. സ്പീക്കറെയോ സരിതയെയോ വിളിച്ചിട്ടില്ല. ഇടനിലക്കാരിയല്ലെന്നും ദിവ്യ പറഞ്ഞു. ഒരു വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്പോർട്ട്, മൊബൈൽ ഫോൺ വിശദാംശങ്ങൾ തുടങ്ങിയവ കസ്റ്റംസ് തിരക്കിയതായാണ് സൂചന. ദിവ്യയുടെ പേരിലുള്ള സിം കാർഡുകളിൽ നിന്ന് സ്വർണക്കടത്ത് പ്രതികളെ വിളിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി
നിർബന്ധിച്ചെന്ന് പൊലീസുകാരിയുടെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിജി വിജയനാണ് ഇ.ഡിക്കെതിരെ മൊഴി നൽകിയത്. നേരത്തെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി പരാമർശമുണ്ടായിരുന്നു. ഈ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിനോടാണ് പൊലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയത്.
എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ സ്വപ്നയുണ്ടായിരുന്നപ്പോൾ അവരുടെ സുരക്ഷാ ചുമതലയായിരുന്നു സിജിവിജയന്. സ്വപ്നയെ ചോദ്യംചെയ്യുന്ന സമയത്തൊക്കെ താൻ അടുത്തുണ്ടായിരുന്നു. എൻഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിനിടെ സ്വപ്നയുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത് താൻ കേട്ടിട്ടുണ്ടെന്നും സിജി പറയുന്നു. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് സ്വപ്നയ്ക്കു മേൽ സമ്മർദ്ദം ചെലുത്തിയതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
താനല്ല ശബ്ദരേഖ റെക്കാഡ് ചെയ്തത്. സ്വപ്നയുമായി ബന്ധമുള്ള ആൾക്കാർ അവരെ ജയിലിൽ സന്ദർശിക്കാൻ എത്തിയിരുന്നു. ആ സമയത്ത് താൻ അടക്കമുള്ള ഉദ്യോഗസ്ഥർ മാറിനിന്നു. അപ്പോഴായിരിക്കാം കാൾ റെക്കാഡ് ചെയ്തതെന്നും അവർ പറഞ്ഞു. നേരത്തെ സ്വപ്ന പുറത്തേക്ക് ഫോൺ വിളിച്ചത് സിജിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.