seva
വനിതാ പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു

കൊച്ചി: തൃപ്പൂണിത്തുറയിലെയും ന്യൂഡെൽഹി ആർ.കെ.പുരത്തെയും പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ ഇനിമുതൽ സമ്പൂർണ വനിതാ പാസ്‌പോർട്ട് കേന്ദ്രമാകും. വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

ന്യൂഡെൽഹി ബിക്കാജികാമ പ്ലേസിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൗരന്മാർക്കും പുറത്ത് കഴിയുന്ന ഇന്ത്യൻ സമൂഹത്തിനും പാസ്‌പോർട്ട് സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസമൂഹത്തോട് കൂടുതൽ പ്രതിബദ്ധത ഉറപ്പുവരുത്താനും അവരുടെ പങ്കാളിത്തം കൂട്ടാനും സമ്പൂർണ വനിതാ പാസ്‌പോർട്ട് സേവാകേന്ദ്രത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പാസ്‌പോർട്ട് സേവാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.