
കൊച്ചി :പത്രപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന ഡിവൈ.എസ്.പി അബ്ദുൾ റഷീദിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ റിവിഷൻ ഹർജി ഹൈക്കോടതിയിലുള്ളത് അദ്ദേഹത്തെ ഐ.പി.എസിന് പരിഗണിക്കുന്നതിന് തടസമല്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. റിവിഷൻ ഹർജി കണക്കിലെടുക്കാതെ തന്റെ പേര് ഐ.പി.എസിന് പരിഗണിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ റഷീദ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.കേസിൽ അഞ്ചാം പ്രതിയായിരുന്ന അബ്ദുൾ റഷീദിനെ തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ പത്രപ്രവർത്തകൻ നൽകിയ റിവിഷൻ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.അബ്കാരി കരാറുകാരൻ സംഘടിപ്പിച്ച നിശാപാർട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തതിനെക്കുറിച്ച് വാർത്ത നൽകിയതിന്റെ പേരിൽ 2011 ഏപ്രിൽ 16 നാണ് പത്രപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം നടന്നത്.റിവിഷൻ ഹർജിയിൽ വാദം കേൾക്കാൻ വിചാരണക്കോടതിയിലുള്ള കേസിന്റെ രേഖകൾ കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. റിവിഷൻ ഹർജി മാർച്ച് 30നു പരിഗണിക്കും.