jose-

യു.ഡി.എഫിനായി റോജി എം. ജോൺ

ബി.ജെ.പി പരിഗണനയിൽ വി.കെ ഭസിത്കുമാ‌ർ

കൊച്ചി: അങ്കമാലിയിൽ എൽ.ഡി.എഫിനായി മുൻ മന്ത്രിയും മുതിർന്ന ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ തന്നെ രംഗത്തിറങ്ങും. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ജില്ലാ നേതൃയോഗത്തിൽ തെറ്റയിലിനാണ് മുൻതൂക്കം ലഭിച്ചത്.
2006ലും 2011 ലും തുടർച്ചയായി ജയിച്ചു കയറിയ ജോസ് തെറ്റയിലിന് കഴിഞ്ഞ തവണ പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. 2013ൽ ലൈംഗിക വിവാദത്തിൽപ്പെട്ടതായിരുന്നു കാരണം. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സുപ്രീംകോടതിയിൽ തെളിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് തെറ്റയിൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തെറ്റയിലിന് പകരക്കാരനായെത്തിയ ബെന്നി മൂഞ്ഞേലിയെയും ജനതാദൾ ജില്ലാ പ്രസിഡന്റ് ബാബു ജോസഫിനെയും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും ദേശീയനേതൃത്വം തെറ്റയിലിനെയാണ് പിന്തുണച്ചത്.

യു.ഡി.എഫിനായി റോജി എം.ജോൺ തന്നെ കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. ബി.ജെ.പി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് ജില്ലാ സെക്രട്ടറി വി.കെ ഭസിത് കുമാറിനെയാണ്.

അങ്കമാലി ഡയറീസ്

എറണാകുളം ജില്ലയിൽ യു.ഡി.എഫിന് വേരോട്ടമുള്ള മണ്ഡലമാണ് അങ്കമാലി. പക്ഷേ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതിനേയും തലോടിയിട്ടുണ്ട് മണ്ഡലം. കാലടി,മലയാറ്റൂർ, മഞ്ഞപ്ര, തുറവൂർ, മൂക്കന്നൂർ, പാറക്കടവ്, കറുകുറ്റി, അയ്യമ്പുഴ പഞ്ചായത്തും അങ്കമാലി നഗരസഭയും ഉൾപ്പെടുന്നതാണ് അങ്കമാലി നിയോജക മണ്ഡലം. ഇതിൽ മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്ത് ഒഴികെ ബാക്കി എല്ലായിടത്തും ഭരണം യു.ഡി.എഫിനാണ്. ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. സർക്കാരിന്റെ ജനകീയ പദ്ധതികളും മണ്ഡലത്തിലെ വികസന മുരടിപ്പും ഗുണം ചെയ്യുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.

തദ്ദേശതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടങ്ങൾ വിജയം സമ്മാനിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അങ്കമാലി നഗരസഭയിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. നിയോജക മണ്ഡലത്തിൽ പഞ്ചായത്തുകളിൽ പലയിടത്തും ബി.ജെ.പിക്ക് ജനപ്രതിനിധികളെ എത്തിക്കാനായി. ചിലയിടങ്ങളിൽ രണ്ടാമതെത്തി. ഇതെല്ലാം നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പ് ചരിത്രം

1965 മുതൽ 13 തിരഞ്ഞെടുപ്പുകളിൽ ഏഴുതവണ യു.ഡി.എഫിനേയും ആറുതവണ എൽ.ഡി.എഫിനെയും തുണച്ചു.മണ്ഡലരൂപീകരണ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോൺ പാത്താടനാണ് വിജയിച്ചത്.1967 മുതൽ 80 വരെ എൽ.ഡി.എഫ് എ.പി കുര്യൻ മണ്ഡലം നിലനിർത്തി.1982ലും 87ലും കേരള കോൺഗ്രസിലെ എം.വി മാണി മണ്ഡലം പിടിച്ചെടുത്തു. 1991 മുതൽ 2006 വരെ കോൺഗ്രസിലെ പി.ജെ ജോയിയിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. 2006ൽ ജോസ് തെറ്റയിൽ എൽ. ഡി. എഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.