കൊച്ചി: കടമക്കുടിയിലെ ദ്വീപുകൾ ഉൾപ്പെടെ തീരദേശ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതി ജെട്ടിയിൽനിന്ന് രാവിലെയും വൈകിട്ടും സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് മുളവുകാട്, ചിറ്റൂർ, കോതാട്, പിഴല, മൂലമ്പിള്ളി, ചേരാനെല്ലൂർ, വരാപ്പുഴ, ഏലൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോയിരുന്നത്. ലോക്ക് ഡൗണിന് ശേഷം ഈ റൂട്ടിൽ ബോട്ട് സർവീസ് നടത്തിയിട്ടില്ല.
സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്തായിരുന്നു സർവീസ്. സ്കൂളുകൾ പ്രവർത്തിക്കാതിരുന്നതിനാൽ ബോട്ട് സർവീസ് ഇല്ലാത്തത് ബാധിച്ചിരുന്നില്ല. എന്നാൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചതിനാൽ വിദ്യാർത്ഥികൾക്ക് യാത്രാബുദ്ധിമുട്ട് വർദ്ധിക്കുകയാണ്. പരീക്ഷാസമയമായതിനാൽ എത്രയും പെട്ടെന്ന് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.